കുമരകം: പ്രണയിതാക്കൾ തമ്മിലെ തർക്കത്തിന് ഒടുവിൽ ആൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തി പെൺകുട്ടി. ആൺസുഹൃത്ത് തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്നോടുകയായിരുന്നെന്നും പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാർ കണ്ടെത്തുകയായിരുന്നെന്നും പെൺകുട്ടി വെളിപ്പെടുത്തി.
പെൺകുട്ടിയുമായുള്ള തർക്കത്തെ തുടർന്ന് സുഹൃത്ത് വെച്ചൂർ സ്വദേശി ഗോപി വിജയ് ആണ് ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ചത്. ആ കാഴ്ച കണ്ടാണ് ഓടിപ്പോയതെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞു.
‘നഴ്‌സിങ് പഠനത്തിനു ചേരാൻ ബംഗളൂരുവിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എതിർത്തു. പോകരുതെന്നു പറഞ്ഞു. തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചുവരുത്തി. ബംഗളൂരുവിലേക്കു പോകരുതെന്ന് വീണ്ടും പറഞ്ഞു.
പോകുമെന്നു ഞാൻ പറഞ്ഞു. ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു. അതിനുശേഷം കുരുക്ക് കഴുത്തിൽ അണിഞ്ഞ് ചാടാൻ പോയി. ഗോപിയെ ആദ്യം പിന്തിരിപ്പിച്ചു. ബഹളം വച്ചെങ്കിലും ആരും വന്നില്ല. വിവരം അറിയിക്കാൻ പുറത്തേക്ക് ഓടി. തിരികെ വന്നപ്പോൾ ഗോപി കയറിൽ തൂങ്ങിക്കിടക്കുന്നതു കണ്ടു.
ഇതുകണ്ട് ഭയന്നുപോയി. എങ്ങോട്ടോ ഓടി. കുറ്റിക്കാട്ടിൽ വീണു. ബോധം കെട്ടു വീണു. രാത്രി പാതി ബോധം തെളിഞ്ഞു.’ പെൺകുട്ടി പോലീസിനോടു വിവരിച്ചു.
ഇന്നലെ രാവിലെയോടെയാണ് പെൺകുട്ടിയെ യുവാവ് ആത്മഹത്യ ചെയ്ത സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കണ്ടെത്തിയത്. ഭയന്നോടിയ താൻ ബോധരഹിതയായി കുറ്റിക്കാട്ടിൽ വീണു പോയതാണെന്നു പെൺകുട്ടി മൊഴി നൽകിയതായി ഡിവൈഎസ്പി ജെ സന്തോഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ വൈകിട്ടോടെ വീട്ടിലെത്തിച്ചു.
ചീപ്പുങ്കൽ മാലിക്കായൽ ഭാഗത്തെ പകൽ പോലും ആളുകൾ അധികം പോകാൻ മടിക്കുന്ന സ്ഥലത്താണ് പെൺകുട്ടി ഒരു രാത്രി ഒറ്റയ്ക്ക് കഴിഞ്ഞത്. രാവിലെ പാടത്തു പോത്തിനെ കെട്ടാൻ എത്തിയ മാലിക്കായൽ സ്വദേശി വിനോദാണ് പെൺകുട്ടിയെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവ ദിവസം പോലീസും നാട്ടുകാരും മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. പോലീസ് നായ മണം പിടിച്ച് പെൺകുട്ടി കിടന്ന ഭാഗത്ത് എത്തിയിരുന്നു. വെള്ളം നിറഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ആരും ശ്രദ്ധിച്ചതുമില്ല.