കോവളം: ഒറ്റക്കാലിൽ ജീവിതം തള്ളി നീക്കുകയാണ് വെള്ളാർ കണ്ണംകോട് സ്വദേശിയായ അനിൽകുമാർ. രക്തയോട്ടം നിലച്ചതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റിയ അനിൽ കുമാറിന് മറ്റാരുടേയും മുന്നിൽ കൈ നീട്ടാതെ അധ്വാനിച്ച് ജീവിക്കാൻ തന്നെയാണ് താൽപര്യവും. പക്ഷെ വിധിയുടെ ക്രൂരത തുടരുന്നതിനാൽ 54കാരനായ അനിലിന് സുമനസുകളുടെ സഹായത്തോടെ മാത്രമെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകൂ.
മുച്ചക്രവണ്ടി സ്വന്തമാക്കണമെന്നത് മാത്രമാണ് ഇപ്പോൾ അനിലിന്റെ സ്വപ്‌നം. വിഴിഞ്ഞം റോഡിലെ ആഴാകുളത്ത് മീൻവിൽപ്പന നടത്തിയാണ് നിത്യച്ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. താമസം വാടകവീട്ടിലാണ്. മകളടങ്ങുന്ന കുടുംബത്തിന്റെ ചെലവുകൾക്കും വാട്ടുവാടകയ്ക്കുമുള്ള പണം മീൻ വിൽപ്പനയിൽ നിന്നും കണ്ടെത്താൻ നന്നേ പ്രയാസപ്പെടുകയാണ് ഈ മനുഷ്യൻ.
കടുത്ത പ്രമേഹ രോഗിയാണ് അനിൽ കുമാർ. രോഗത്തെത്തുടർന്ന് വലതുകാൽ മുറിച്ചുമാറ്റേണ്ടിവരുമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചിരുന്നു. രണ്ടുവർഷം മുമ്പായിരുന്നു ഇത്. എന്നാൽ ഭാഗ്യവശാൽ കാൽ മുറിച്ചുമാറ്റേണ്ടിവന്നില്ല. എന്നാൽ, ഒരുവർഷം മുമ്പ് ഇടതുകാലിന് ശക്തമായ കാലുവേദനയും നീരും കൂടിയതോടെ അവശനിലയിലായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തയോട്ടം നിലച്ചതിനാൽ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റി. ആശുപത്രിവാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി.
എന്നാൽ, വിശ്രമിക്കാൻ ഇദ്ദേഹത്തിന് സാധിക്കാത്തതിനാൽ തന്നെ നിത്യചെലവിന് പണം കണ്ടെത്താൻ വീണ്ടും സുഹൃത്തിന്റെ സഹായത്തോടെ അനിൽകുമാർ വിഴിഞ്ഞത്തുനിന്ന് മീനെടുത്ത് വിൽപ്പന തുടങ്ങി. രാവിലെ മുതൽ വൈകീട്ട് മൂന്നുവരെ ആഴാകുളത്തുള്ള മീൻകച്ചവടത്തിൽനിന്ന് കഷ്ടിച്ചുള്ള വരുമാനമാണ് ലഭിക്കുന്നത്. ഈ വരുമാനത്തിൽ അനിലിന്റെ ഉപജീവനം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല.
നടക്കാനാവാത്തതിനെത്തുടർന്ന് ഓട്ടോറിക്ഷയിലാണ് മീൻവാങ്ങാൻ പോകുന്നത്. പ്രമേഹത്തെത്തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ ഇടയ്ക്കിടെ പ്രാഥമിക ആവശ്യം നിറവേറ്റേണ്ടിവരും. ഇതിനായി കണ്ണംകോടുള്ള വാടകവീട്ടിൽ ഓട്ടോറിക്ഷയിൽ തന്നെ രണ്ടും മൂന്നും തവണ പോകേണ്ടിവരും. മീൻ വിറ്റ് കിട്ടുന്ന വരുമാനത്തിൽ നല്ലൊരു വിഹിതം ഇത്തരത്തിൽ ഓട്ടോയാത്രയ്ക്ക് നൽകേണ്ടിവരും.
കച്ചവടത്തിൽനിന്ന് മിച്ചംപിടിച്ച് ഒരു മുച്ചക്രവാഹനം വാങ്ങണമെന്ന് കഠിനമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും മീൻവിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം മരുന്ന് അടക്കമുള്ള ചെലവിനും തികയുന്നില്ല.
ഏക മകളാണ് അനിൽകുമാറിന് തണലായുള്ളത്. വലതുകാലിനും ഇപ്പോൾ പ്രമേഹ സംബന്ധിയായ രോഗം ബാധിച്ചിട്ടുണ്ട്. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അനിൽ കുമാർ.