മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച കാര്‍ട്ടൂണ്‍; നാല് പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ജന്മഭൂമിക്കെതിരെ കേസ് കൊടുത്ത് കോണ്‍ഗ്രസ് നേതാവ്

കാര്‍ട്ടൂണിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് കൊടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇറങ്ങിയത്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ ഇറക്കിയ ജന്മഭൂമിക്കെതിരെ കേസ് കൊടുത്ത് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ കേരള ഇന്‍ചാര്‍ജ്ജുമായ വിആര്‍ അനൂപാണ് പരാതി നല്‍കിയത്. കാര്‍ട്ടൂണിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് കൊടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇറങ്ങിയത്.

വംശീയമായ അധിക്ഷേപത്തിന് ഇരയായ മുഖ്യമന്ത്രിയോ, മറ്റാരും ഒരു പരാതി പോലും കൊടുക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാന്‍ പരാതി കൊടുത്തിരിയ്ക്കുന്നതെന്ന് അനൂപ് പറയുന്നു. ഞാന്‍ കൂടി ഉള്‍പ്പെട്ടിരിയ്ക്കുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തെ അപമാനിയ്ക്കുന്നതും, ആ നിലയ്ക്ക് എന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു എന്ന നിലയിലാണ് എന്റെ പരാതി.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിച്ചാലും എന്റെ സ്വന്തം നിലയില്‍ ‘ജന്‍മഭൂമി’ യ്ക്കെതിരെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും അനൂപ് പറയുന്നു. ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ജാതി പരാമര്‍ശിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ‘തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പൊ ഓര്‍ക്കണമായിരുന്നു’ എന്നായിരുന്നു ഇത്.

Exit mobile version