ആലപ്പുഴ: തനിക്ക് കേട്ടറിവ് മാത്രമുള്ള ഒരു കൊലക്കേസിൽ പ്രതിയായേക്കുമോ എന്ന ഭയത്തിലാണ് ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വത്സല. മൊബൈൽ സിം കാർഡ് എടുക്കുന്നതിന് ഏൽപിച്ച തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്ത ഷോപ്പുടമയാണ് വത്സലയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.
വത്സലയുടെ തിരിച്ചറിയൽ കാർഡാണ് ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സിം എടുക്കാനായി മൊബൈൽ ഷോപ്പുടമ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ ചെയ്യാത്ത കുറ്റത്തിന് തന്നേയും പോലീസ് അറസ്റ്റ് ചെയ്യുമോ എന്നാണ് ഈ വീട്ടമ്മയ്ക്ക് ആശങ്ക.
പുന്നപ്ര സ്റ്റേഷനിൽനിന്ന് പോലീസുകാർ വീട്ടിലെത്തിയപ്പോഴാണ് വത്സല തന്നെ ഈ സംഭവത്തെക്കുറിച്ച് അറിയുന്നത്. മറ്റൊരാളുടെ ഐഡി ഉപയോഗിച്ച് പ്രതികൾക്ക് സിം കാർഡ് എടുത്ത് നൽകിയതിന് പുന്നപ്രയിലെ മൊബൈൽ ഷോപ്പുടമ ബാദുഷയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബാദുഷയെ പിടികൂടിയെങ്കിലും വത്സലയുടെ ഭീതി ഒഴിഞ്ഞിട്ടില്ല. പഞ്ചായത്ത് അംഗം ആണ് വത്സലയുടെ പക്കൽനിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങിയെടുത്തത്.
Discussion about this post