വാക്‌സിനെടുത്തതിന് പിന്നാലെ കുറ്റിപ്പുറത്ത് യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് പുറത്ത്; കോവിഡിന്റേയും കോവിഡ് വാക്‌സിന്റേയും അലർജി കാരണം മരണം

കുറ്റിപ്പുറം: കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ ഉണ്ടായ അലർജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച ഇരുപത്തിയേഴുകാരിയുടെ മരണകാരണം പുറത്ത്. യുവതിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നതോടെയാണ് മരണത്തിൽ നിലനിന്നിരുന്ന ദുരൂഹത ഒഴിഞ്ഞിരിക്കുന്നത്.

നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവതിക്കു കോവിഡിന്റെയും കോവിഡ് വാക്‌സീന്റെയും അലർജി (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) ബാധിച്ചതിനെ തുടർന്നാണ് മരണമുണ്ടായത് എന്നാണ് രാസപരിശോധനാഫലം. ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മെഡിക്കൽ ബോർഡ് കൂടിയശേഷം ഇന്നുണ്ടാകും.

യുവതിക്ക് കോവിഡിനെ തുടർന്നും ഇതിനുശേഷം വാക്‌സീൻ എടുത്ത സമയത്തും ഹൈപ്പർ സെൻസിറ്റിവിറ്റി റിയാക്ഷൻ ഉണ്ടായി എന്നു റിപ്പോർട്ടിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫിസറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് ആണ് മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയത്. ആശുപത്രിയിലും മറ്റും നടത്തിയ പരിശോധനയുടെ റിപ്പോർട്ടും നിലവിലെ രാസപരിശോധനാ ഫലവും ഏകോപിപ്പിച്ചാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുക.

Also Read-നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമെന്ന് സംവിധായകന്റെ മൊഴി; അന്വേഷണം നടത്താൻ കോടതി നിർദേശം

കുറ്റിപ്പുറം കാങ്കപ്പുഴകടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്‌ന (27) നവംബർ 27ന് ആണു മരിച്ചത്. മരണത്തിന് ശേഷം 36 ദിവസങ്ങൾ കഴിഞ്ഞ് ഇന്നലെയാണ് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നത്.

Exit mobile version