കോട്ടയം: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ചു കൊല്ലപ്പെട്ട അഫീല്‍ ജോണ്‍സന്റെ വീട്ടിലേയ്ക്ക് പുതുവര്‍ഷത്തില്‍ സന്തോഷം നിറച്ച് കുഞ്ഞനുജത്തി എത്തി. ചൊവ്വൂര്‍ കുറിഞ്ഞാംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ് ഡാര്‍ളി ജോണ്‍സണ്‍ ദമ്പതികള്‍ക്ക് ഇന്നലെ രാവിലെ 9.30നാണ് പെണ്‍കുഞ്ഞ് പിറന്നത്. ദമ്പതിമാരുടെ ഏക മകനായിരുന്നു അഫീല്‍ (16). മകന്റെ വിയോഗത്തില്‍ താളംതെറ്റിയ കുടുംബത്തിന് ആശ്വാസമാവുകയാണ് ഇപ്പോഴുള്ള കണ്‍മണി.
മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. 2019 ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് 12നാണ് മത്സരങ്ങള്‍ക്ക് ഇടയില്‍ മത്സരാര്‍ഥി എറിഞ്ഞ ഹാമര്‍ തലയില്‍ പതിച്ച് അഫീല്‍ ജോണ്‍സണിനു പരിക്ക് സംഭവിച്ചത്. ചികിത്സയ്ക്കിടെ ഒക്ടോബര്‍ 21ന് പ്രതീക്ഷകള്‍ വിഫലമാക്കി അഫീല്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. അന്നു മുതല്‍ തീരാവേദനയിലായിരുന്നു കുടുംബം. അഫീലിന്റെ ഓര്‍മകള്‍ എന്നുമുണ്ടെന്നു ജോണ്‍സണ്‍ പറയുന്നു.
വീട്ടില്‍ ബൈബിള്‍ വായിച്ചിരുന്നത് അഫീലാണ്. ബൈബിള്‍ എടുക്കുമ്പോള്‍ തന്നെ ഡാര്‍ളിയുടെ കണ്ണുകള്‍ നിറയും. പ്രസവ വാര്‍ഡിലേക്ക് പോകുമ്പോഴും അഫീലിന്റെ ചിത്രം ഡാര്‍ളി ചേര്‍ത്തു പിടിച്ചിരുന്നെന്നു ജോണ്‍സണ്‍ പറയുന്നു.
Discussion about this post