കോഴിക്കോട്: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പിഡ്ബ്ല്യുഡി കുന്ദമംഗലം സെക്ഷന്‍ എന്‍ജിനീയര്‍ ജി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവര്‍ക്കെതിരെയാണ് നടപടി കൈകൊണ്ടത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടര്‍ന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
കോഴിക്കോട് കുന്ദമംഗംലം-മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയില്‍ കുഴികളൊന്നുമില്ലാത്ത റോഡില്‍ 17 മീറ്റര്‍ സ്ഥലത്താണ് ടാറിങ് നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതുകണ്ട് നാട്ടുകാര്‍ സംഘടിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് അറ്റകുറ്റപ്പണി നിര്‍ത്തിവെക്കുകയും പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു.
വാര്‍ത്ത പുറത്തായതോടെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. കരാറുകാരന് സ്ഥലം മാറിപ്പോയെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. റോഡില്‍ കുഴി ഉണ്ടെന്ന് പറഞ്ഞാണ് കരാറുകാരന്‍ പണി ആരംഭിച്ചത്. എന്നാല്‍ ഇത് പണംതട്ടാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അറിഞ്ഞുകൊണ്ടുള്ള നടപടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത റോഡാണെന്നും അഴിമതി നടത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.