തൃശൂര്‍: സൈക്കിളില്‍ തട്ടിലില്‍ നിരത്തിയ ലോട്ടറികളുമായി പോകുന്നതിനിടെ കാറ്റ് ആഞ്ഞ് വീശി, മുഴുവന്‍ റോഡിലേക്ക് പറന്നുപോയി. ലോട്ടറി വില്‍പനക്കാരന്‍ കുഴുപ്പുള്ളി അജിത് എന്ത് ചെയ്യണമെന്നറിയാതെ തലയില്‍ കൈവച്ച് നിന്നു.
പത്തുമുപ്പത് ടിക്കറ്റെങ്കിലും സൈക്കിളിനു മുന്നിലെ ലോട്ടറിത്തട്ടില്‍നിന്നു പറന്നുപോയിട്ടുണ്ട്. ഒരാള്‍ ഓടിയാല്‍ എന്താവാന്‍..പെറുക്കിയെടുക്കാന്‍ നോക്കുമ്പോള്‍ ദാ, കയ്യെത്താ ദൂരത്തേക്കു പറന്നു പോകുന്നു.
ഒരു ബൈക്ക്, 2 സ്‌കൂട്ടര്‍.. റോഡിലൂടെ പാഞ്ഞുപോയവ പെട്ടെന്നു നിന്നു. ബൈക്കിലെത്തിയ 2 പേരും 2 സ്‌കൂട്ടറുകളിലായെത്തിയ 2 പേരും ചാടിയിറങ്ങി റോഡിലൂടെ തലങ്ങും ഓടി ലോട്ടറി പെറുക്കിത്തുടങ്ങി. കാനയില്‍, പുല്ലില്‍, കല്ലില്‍ ഒക്കെ തടഞ്ഞുകിടക്കുന്ന ലോട്ടറികള്‍.
അജിത്തിന് ലോട്ടറികളുടെ പിന്നാലെ ഓടേണ്ടി വന്നില്ല. നാലുപേരും ലോട്ടറികളുമായി സൈക്കിളിനരികിലേക്കെത്തി. ലോട്ടറി അജിത്തിനു വച്ചുനീട്ടി! എണ്ണി നോക്കിയപ്പോള്‍ ഒന്നൊഴികെ എല്ലാം കിട്ടി. ആഹാ, എന്തു സന്തോഷം ആ മുഖത്ത്.
ആട്ടെ; നിങ്ങളുടെ പേരെന്താ? ഞാന്‍ അഖില്‍, ഇവന്‍ മിഥുന്‍, അടുത്തയാള്‍ ഋഷി… പട്ടിക്കാടാണ് വീട്. ഫുട്‌ബോള്‍ കളിക്കാന്‍ പോയിട്ടുള്ള വരുവാ.. രാമവര്‍മപുരത്തെ ഓസ്‌കര്‍ എഫ്‌സി ടര്‍ഫില്‍.. പറഞ്ഞു നില്‍ക്കുമ്പോള്‍ നാലാമത്തെ ചേട്ടന്‍ പുല്ലിനകത്തുനിന്ന് ഒരു ലോട്ടറി കണ്ടുപിടിച്ചു കൊണ്ടുവന്നു.
കൊള്ളാലോ, ചേട്ടന്റെ പേരെന്താ? രാംപ്രകാശ്..,താണിക്കുടം ടിഡിഎല്‍സി ബാങ്കില്‍ കലക്ഷന്‍ സ്റ്റാഫാ.. പോകുന്നതിനു മുന്‍പ്, തിരിച്ചു കൊടുത്തതില്‍ നിന്നു പിള്ളേര്‍ 3 ടിക്കറ്റ് തിരിച്ചു വാങ്ങി. അജിത്തിന്റെ മുഖം ബംപറടിച്ചത് പോലെ തിളങ്ങി.
Discussion about this post