തിരുവനന്തപുരം: പുതുവത്സരദിനാഘോഷത്തിനായി മദ്യം വാങ്ങി വരുന്നതിനിടെ പോലീസ് തടയുകയും മദ്യം ഒഴുക്കി കളയേണ്ടി വരികയും ചെയ്ത വിദേശപൗരൻ മുമ്പും കബളിപ്പിക്കപ്പെട്ടെന്ന് വെളിപ്പെടുത്തൽ. സ്വീഡിഷ് പൗരൻ സ്റ്റിഗ് സ്റ്റീഫൻ ആസ്ബെർഗ് ആണ് മുമ്പ് സംസ്ഥാനത്ത് വസ്തുവാങ്ങിയപ്പോഴും കബളിക്കപ്പെട്ടതായി ആരോപിക്കുന്നത്.
ഒരു കോടി 65 ലക്ഷം രൂപയ്ക്കാണ് സ്റ്റീഫൻ വസ്തു വാങ്ങിയത്. എന്നാൽ ഇവിടെ ബിസിനസ് ആരംഭിക്കാൻ അനുവദിക്കില്ലെന്നറിയിച്ച് തന്നെ സമ്മർദത്തിലാക്കുകയാണെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സ്റ്റീഫൻ മാധ്യമങ്ങളെ അറിയിച്ചു.
ഏഴ് വർഷം മുമ്പ് കോവളത്തെത്തിയ സ്റ്റീഫൻ ബിസിനസിൽ താൽപര്യം തോന്നി വിഴിഞ്ഞം സ്വദേശിയുടെ സഹായത്തോടെ വാഴമുട്ടം വട്ടപ്പാറ റോഡിലാണ് വസ്തു വാങ്ങിയത്. എന്നാൽ ഇതുവായി ബന്ധപ്പെട്ട പ്രശ്നം ഒടുവിൽ കുടുംബ കോടതിയിൽ എത്തിയിരിക്കുകയാണ്.
എതിർകക്ഷികളുമായി സംസാരിക്കാമെന്ന് പോലീസ് കമ്മീഷണർ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇതുവരെയുള്ള സർക്കാർ ഇടപെടലിൽ തൃപ്തനാണെന്നും സ്റ്റീഫൻ പറഞ്ഞു. വസ്തുവിൽ വീട് പണിതതിന് ശേഷമുള്ള തർക്കെം കാരണം കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വട്ടപ്പാറ സമുദ്ര ഭാഗങ്ങളിലെ നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായങ്ങളും ഭക്ഷണക്കിറ്റുകളും സ്റ്റീഫൻ വിതരണം ചെയ്തിരുന്നു. ഭാര്യ മരിച്ചതിന് ശേഷം സ്റ്റീഫൻ പിന്നീട് നാട്ടിലേക്ക് മടങ്ങി പോയിട്ടില്ല.