കുമരകത്ത് പോലീസുകാരന്റെ വീടിന്റെ ജനലും വാതിലും തല്ലിത്തകർത്തു; ശൗചാലയവും പൊളിച്ച് ‘മിന്നൽ മുരളി ഒർജിനൽ’! തേടി പോലീസ്

കുമരകം: പോലീസുകാരന്റെ വീട്ടിൽ അതിക്രമം കാണിച്ച ‘മിന്നൽ മുരളി ഒർജിനൽ’ അക്രമിയെ തേടുകയാണ് കുമരകത്തെ പോലീസ്. വീടിന്റെ ജനൽച്ചില്ലുകളും വാതിലും ശൗചാലയവും അടിച്ചുതകർക്കുകയും വാതിൽക്കൽ മലമൂത്രവിസർജനം നടത്തുകയും ചെയ്ത സാമൂഹ്യവിരുദ്ധനാണ് കുമരകത്തെ മിന്നൽ മുരളി.

കുമരകം ചെപ്പന്നൂക്കരിയിലാണ് മിന്നൽ മുരളി സിനിമയെ ഓർമിപ്പിക്കുന്ന തരത്തിൽ വീടിനു നേരേ ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്.

എല്ലാ അക്രമങ്ങൾക്കും ശേഷം തന്നെ തിരിച്ചറിയാനായി ഒടുവിൽ ഭിത്തിയിൽ എഴുതിയ ‘മിന്നൽ മുരളി ഒർജിനൽ’ എന്ന കുറിപ്പാണ് അക്രമിയെ വ്യത്യസ്തമാക്കുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെൺമക്കളും താമസിച്ചിരുന്ന വീടാണിത്. ഇപ്പോൾ ഈ കുടുംബം വെച്ചൂരാണ് താമസം.

രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു. കഴിഞ്ഞരാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയിൽ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം അതിക്രമമെന്നാണ് സംശയം.

Also Read-മകളെ കാണാൻ അനീഷ് ക്രിസ്മസ് തലേന്ന് വരുമെന്ന് കരുതി ഉറക്കമിളച്ച് കാത്തിരുന്നിട്ടും വന്നില്ല; ഒടുവിൽ പിടികൂടി രണ്ട് തവണ കത്തി കുത്തിയിറക്കി; ലാലനെതിരെ മൊഴി നൽകി ഭാര്യയും മകളും

സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്‌ഐ എസ് സുരേഷ് പറഞ്ഞു സന്ധ്യമയങ്ങുന്നതോടെ ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികൾ പറയുന്നു.

മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങൾ റിസോർട്ടിനായി വാങ്ങിയതോടെയാണ് സ്ഥലത്ത് അക്രമങ്ങൾ വർധിച്ചത്. ഇവിടുണ്ടായിരുന്ന വീടുകൾ പൊളിച്ചുനീക്കിയതോടെ പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീരുകയുംചെയ്‌തെന്നാണ് ആരോപണം.

Exit mobile version