പേട്ട: അയൽക്കാരനായ കോളജ് വിദ്യാർത്ഥി അനീഷ് ജോർജിനെ സൈമൺ ലാലൻ നീണ്ടനാളത്തെ ആലോചനയ്ക്ക് ശേഷമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപ്പെടുത്തുകയായിരുന്നെന്ന മൊഴികൾ പോലീസ് തള്ളിക്കളഞ്ഞു.
കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയതാണെന്ന മൊഴിയും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. മുൻവൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. അനീഷും തന്റെ മകളും തമ്മിലുള്ള പ്രണയമാണു വിരോധത്തിനു കാരണമെന്നു പ്രതി സൈമൺ ലാലൻ സമ്മതിച്ചതായി പോലീസ് അറിയിച്ചു. അനീഷിനെ കുത്തിയതു ദിവസങ്ങൾ നീണ്ട ആലോചനയ്ക്ക് ഒടുവിലാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മകളുമായുള്ള പ്രണയവും വീട്ടിൽ അനീഷ് വരുന്നതും സൈമണിനെ പ്രകോപിപ്പിച്ചിരുന്നെന്നു പോലീസ് അറിയിച്ചു. ക്രിസ്മസിനു തലേന്നു രാത്രി അനീഷ് മകളെ കാണാൻ വരുമെന്നു കരുതി സൈമൺ ഉറക്കമിളച്ചു കാവലിരുന്നിരുന്നു. ഒപ്പം ആയുധവും കരുതിയിരുന്നു. എന്നാൽ അനീഷ് വന്നില്ല. പിന്നീട് അനീഷ് വീട്ടിലെത്തിയത് മനസിലാക്കിയ സൈമൺ ലാലൻ മുറിയിലേക്ക് ഇരച്ചെത്തി അനീഷിനെ തടഞ്ഞുവച്ചു നെഞ്ചിലും മുതുകിലും കുത്തുകയായിരുന്നു.
ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴി ഭാര്യയും മകളും നൽകിയിട്ടുണ്ട്. ഇരുവരും എതിർത്തിട്ടും സൈമൺ പിന്മാറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാരകമായി മുറിവേറ്റ അനീഷ് നിലത്തു വീണു. തുടർന്ന് വാട്ടർ മീറ്റർ ബോക്സിൽ കത്തി ഒളിപ്പിച്ച ശേഷം സൈമൺ അടുത്തുള്ള പേട്ട പോലീസ് സ്റ്റേഷനിലേക്കു പോവുകയായിരുന്നു.
സംഭവത്തിൽ ഭാര്യയും മകളും സൈമണിനെതിരായാണു മൊഴി നൽകിയത്. പെൺകുട്ടിയെയും അമ്മയെയും ഇന്നു വീണ്ടും ചോദ്യം ചെയ്യും.
Discussion about this post