തിരുവനന്തപുരം: ‘ഒരു ദിവസം വഴിയില്‍ കിടന്നൊരു ഫോണ്‍ കിട്ടിയിട്ട് ഞാന്‍ അതിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം ചുഴറ്റി വരും. എന്തുകൊണ്ടായിരിക്കും അവര്‍ക്ക് എന്നെ മോഷ്ടാവായി തോന്നിയത്?’ ചോദിക്കുന്നത് പോലീസ് വാഹനത്തില്‍ നിന്നു ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസിന്റെ പരസ്യ വിചാരണ നേരിട്ട തിരുവനന്തപുരം ആറ്റിങ്ങലിലെ ജയചന്ദ്രനാണ്.
ഒന്‍പതാം വയസ്സില്‍ റബര്‍ ടാപ്പിങ് തുടങ്ങിയതാണ് ഞാന്‍. ഞാനും ഭാര്യയും കൂടി ടാപ്പിങ് ചെയ്തും പണിയില്ലാത്ത സമയങ്ങളില്‍ സിമന്റ് ചുമന്നുമാണ് ജീവിക്കുന്നത്. ജയചന്ദ്രനും ഭാര്യ രേഖയും മകള്‍ ദേവപ്രിയയും ആ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മോചനം നേടുന്നതേയുള്ളു. ‘വനിത’യോടായിരുന്നു ജയചന്ദ്രനും കുടുംബവുമായി നടത്തിയ അഭിമുഖത്തിനിടയിലാണ് ജയചന്ദ്രന്റെ തുറന്നുപറച്ചില്‍.
പിങ്ക് പോലീസ് പട്രോളിലെ സിവില്‍ പോലീസ് ഓഫിസര്‍ എംആര്‍ രജിതയാണ് ഫോണ്‍ മോഷ്ടിച്ചു എന്ന ആരോപണം ഉന്നയിച്ചത്. ”ഹൈക്കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ അവര്‍ ജാഗ്രതക്കുറവ് കാണിച്ചെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്. നല്ല നടപ്പിന് അവരെ കൊല്ലത്തേക്ക് സ്ഥലം മാറ്റി.
ഇതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ അവര്‍ മാപ്പപേക്ഷ എഴുതി നല്‍കിയിട്ടുണ്ട് എന്നു മറുപടി. കേസിന്റെ കാര്യങ്ങള്‍ക്കായി നടക്കുന്നതിനിടയില്‍ പലപ്പോഴും ഇവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കല്‍ പോലും ഞങ്ങളെ പരിഗണിച്ചില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ ഈ കേസ് അവസാനിപ്പിച്ചേനെ. അവര്‍ കാരണം എന്റെ മകള്‍ക്ക് നല്‍കിയ പേടി മാറാന്‍ കൗണ്‍സലിങ് വേണ്ടി വന്നു.” ജയചന്ദ്രന്‍ പറയുന്നു.
‘ഈ കുഞ്ഞ് മനുഷ്യത്വത്തിലും പോലീസിലും വീണ്ടും വിശ്വസിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തു?’ എന്നു ഗൗരവത്തോടെയാണ് ഹൈക്കോടതി ആരാഞ്ഞത്. വെറുമൊരു മാപ്പപേക്ഷയില്‍ ഒതുക്കിതീര്‍ക്കാനുള്ളതല്ല ഈ ഏഴു വയസ്സുകാരിയുടെ ആത്മാഭിമാനം എന്നു നിരീക്ഷിച്ച ഹൈക്കോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചെലവും വിധിക്കുകയും ചെയ്തു.
ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പോലീസ് ഉദ്യോഗസ്ഥ സിപി രജിതയുടെ ആരോപണം.
എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.
എന്നിട്ടും ഈ പോലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പോലീസുകാരുടെ പരസ്യവിചാരണ ഏഴ് വയസുകാരിയുടെ കുഞ്ഞുമനസിനെ തളര്‍ത്തി.
ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പോലീസ് റിപ്പോര്‍ട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവര്‍ത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രന്‍ സമീപിച്ചു. പോലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥക്കെതിരെ സ്ഥലം മാറ്റത്തിന് അപ്പുറമുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയില്‍ ജോലി ചെയ്യുന്നു.