തൃശൂര്‍: കുടിശിക തുകയോ കാലാവധിയോ വ്യക്തമാക്കാതെ ഉപഭോക്താവിന്
വൈദ്യുതി ബില്‍ അയച്ചു. വീഴ്ച വരുത്തിയ തൃശൂര്‍ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന് പിഴയിട്ട് ഉപഭോക്തൃ കോടതി. വൈദ്യുതി ബില്‍ ഉപഭോക്തൃ കോടതി റദ്ദാക്കി.
കോടതി നോട്ടീസ് അയച്ച ശേഷം മാത്രമാണ് കുടിശികയായി അടയ്‌ക്കേണ്ടത് 98,509 രൂപയാണെന്ന വിവരം പോലും ഉപഭോക്താവിനെ കോര്‍പറേഷന്‍ രേഖാമൂലം അറിയിച്ചത്.
നടപടി നിയമവിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി, പരാതിക്കാരന് 1000 രൂപ കോടതിച്ചെലവായി നല്‍കാനും കോര്‍പറേഷന് നിര്‍ദേശം നല്‍കി.
തൃശൂര്‍ കിഴക്കേക്കോട്ട മാങ്ങന്‍ ജോയ് ആണ് പരാതിക്കാരന്‍. വൈദ്യുതി ബില്ലില്‍ വര്‍ഷങ്ങളുടെ കുടിശിക ഉണ്ടെന്നും എത്രയും വേഗം അടച്ചുതീര്‍ക്കണമെന്നും കാട്ടിയാണ് ജോയിക്ക് കോര്‍പറേഷന്‍ വൈദ്യുത വിഭാഗം നോട്ടീസ് അയച്ചത്.
എന്നാല്‍, കുടിശിക എത്ര കാലത്തേതാണെന്നോ തുക എത്രയാണെന്നോ നോട്ടീസില്‍ ഉണ്ടായിരുന്നില്ല. ജോയിയുടെ പരാതി സ്വീകരിച്ച കോടതി, വൈദ്യുത വിഭാഗം അസി. സെക്രട്ടറിക്കെതിരെ നോട്ടിസ് അയച്ചു. ഇതോടെയാണ് 98,509 രൂപയാണ് അടയ്‌ക്കേണ്ടതെന്ന മറുപടി ലഭിച്ചത്.
2006 മുതല്‍ 2021 വരെയുള്ള കുടിശികയാണ് ഇതെന്നും കോര്‍പറേഷന്‍ അറിയിച്ചു. കുടിശിക കണക്കാക്കാനുള്ള മാനദണ്ഡം വ്യക്തമാക്കിയതുമില്ല. കോര്‍പറേഷന്റെ നോട്ടീസ് റദ്ദാക്കാനും പരാതിക്കാരനെതിരെ സ്വീകരിച്ച നടപടികളെല്ലാം പിന്‍വലിക്കാനും ഉപഭോക്തൃ കോടതി പ്രസിഡന്റ് സി.ടി. സാബു, അംഗം എസ്. ശ്രീജ എന്നിവര്‍ ഉത്തരവിട്ടു. പരാതിക്കാരനു വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Discussion about this post