പുതുവര്‍ഷത്തില്‍ പുതിയ വീട്: ‘ചിക്കന്‍ കഴിച്ചിട്ട് കുറേ കാലമായി സാര്‍’, പോലീസിനോട് സങ്കടം പറഞ്ഞതോടെ സച്ചിന്റെ ജീവിതം മാറിമറിഞ്ഞു

മാള: 2021ന്റെ അവസാന ദിവസവും മാള സ്റ്റേഷനിലെ സിപിഒമാരായ സജിത്തും മാര്‍ട്ടിനും വീണ്ടും സച്ചിന്റെ വീട്ടിലേക്കെത്തി. കഴിഞ്ഞ ജൂണില്‍ ക്വാറന്റീന്‍ കഴിഞ്ഞ വീട്ടിലേക്ക് ജനമൈത്രി പോലീസെത്തിയപ്പോഴാണ് ദുരിതത്തിന്റെ അവസ്ഥ അറിയുന്നത്. പണി തീരാത്ത വീട്, തളര്‍ന്നുകിടക്കുന്ന ഗൃഹനാഥന്റെ കട്ടിലിനു ചുറ്റും പകച്ചു നില്‍ക്കുന്ന അമ്മയും മകനും.

ഈ പുതുവര്‍ഷം സച്ചിന് ഏറെ സന്തോഷമുള്ളതാണ്. ആ പഴയവീടിന്റെ സ്ഥാനത്ത് അതിമനോഹരമായൊരു കൊച്ചുവീട് യാഥാര്‍ഥ്യമായിരിക്കുകയാണ്. മണപ്പുറം ഫൗണ്ടേഷനാണ് 5 ലക്ഷം രൂപ ചെലവിട്ട് സച്ചിന് വീടൊരുക്കിയത്. നാളെ പത്തിന് അവന്‍ മണപ്പുറത്തിന്റെ സാരഥികളില്‍ നിന്ന് ആ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങും. താക്കോല്‍ കൈമാറ്റം മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വിപി നന്ദകുമാര്‍ നിര്‍വഹിക്കും.

കഴിഞ്ഞ ജൂണിലാണ് ക്വാറന്റൈനില്‍ കഴിയുന്ന കോവിഡ് ബാധിതരായ കുടുംബങ്ങളെ വിളിച്ച് കാര്യങ്ങള്‍ തിരക്കവേ ആണ് വടമ മേക്കാട്ടില്‍ മാധവന്റെ വീട്ടിലേക്കും മാള ജനമൈത്രി പോലീസ് വിളിക്കുന്നത്. മാധവനും, ഭാര്യ ലതികക്കും, മകന്‍ സച്ചിനും കോവിഡ് ബാധിച്ചിരുന്നു. വിശേഷങ്ങള്‍ അന്വേഷിച്ച വിളിച്ച പോലീസുകാരോട് സംസാരിച്ചത് മകന്‍ സച്ചിനായിരുന്നു. ഭക്ഷണകാര്യങ്ങളെ പറ്റി തിരക്കിയ പോലീസുകാരോട്, ”ചിക്കന്‍ കഴിച്ചിട്ടു കുറേ കാലമായി, വാങ്ങി നല്‍കാന്‍ ഇപ്പോള്‍ ആരുമില്ല” എന്ന മറുപടിയാണ് 6 വയസ്സുകാരന്‍ നല്‍കിയത്.

സച്ചിന്റെ നിഷ്‌കളങ്കമായ ആ വാക്കുകള്‍ കേട്ട് വീട്ടിലെത്തിയ മാള ജനമൈത്രി പോലീസിലെ സിപിഒമാരായ സജിത്തും മാര്‍ട്ടിനും കണ്ടത് സച്ചിന്റെ ദുരിത ജീവിതമായിരുന്നു. 5 വര്‍ഷമായി അസുഖമായി കിടപ്പിലായ അച്ഛനും, വീട്ടു ജോലി ചെയ്തു കുടുംബം നോക്കുന്ന അമ്മയ്ക്കുമൊപ്പം, പണി തീരാത്ത ആ കൊച്ചു വീട്ടില്‍ കഴിയുന്ന സച്ചിന് പഠിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയായിരുന്നു. പഠിക്കാന്‍ ആവശ്യമായ പുസ്തകങ്ങളോ എഴുതാന്‍ പേനയോ ഇല്ലെന്ന സച്ചിന്റെ വാക്കുകളില്‍ നിന്നാണ് പോലീസുകാര്‍ ആ കുടുംബത്തിന്റെ ദുരിതജീവിതത്തെക്കുറിച്ച് അറിയുന്നത്.

ചിക്കന്‍ വാങ്ങിക്കൊണ്ടു വന്നാല്‍ പാകം ചെയ്യാന്‍ ആവശ്യമായ മറ്റു പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി. ഇതോടെ ചിക്കനും മറ്റ് പലചരക്കു സാധനങ്ങളുമായി അവനെ നേരില്‍ കാണാന്‍ പോലീസ് സച്ചിന്റെ വീട്ടിലെത്തി.

അച്ഛന്‍ മാധവന്‍ 5 വര്‍ഷമായി തളര്‍ന്നു കിടക്കുന്നു. വീട്ടുവേലയ്ക്കു പോയി ആണ് അമ്മ ലതിക കുടുംബം പോറ്റിയിരുന്നത്. കോവിഡ് ബാധിച്ച് അമ്മയ്ക്കു പുറത്തിറങ്ങാന്‍ കഴിയാതായതോടെ വാതില്‍ പൂര്‍ണമായി അടഞ്ഞു. ഇരുളടഞ്ഞ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു മാള പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ആ കോള്‍.

Exit mobile version