കൊച്ചി: പറവൂരില്‍ സഹോദരിയെ ദാരുണമായി കൊലപ്പെടുത്തി, എറണാകുളത്തേക്ക് വണ്ടി കയറിയ ജിത്തുവിനെ ‘ആളറിയാതെ’ അഭയകേന്ദ്രത്തിലാക്കിയതും പോലീസുകാരാണ്. ബുധനാഴ്ച അര്‍ധരാത്രി എറണാകുളം മേനകയ്ക്ക് സമീപം അലഞ്ഞുനടന്നിരുന്ന യുവതിയെ പിങ്ക് പോലീസാണ് ‘തെരുവു വെളിച്ചം’ അഭയകേന്ദ്രത്തിലെത്തിച്ച് താമസ സൗകര്യം നല്‍കിയത്.
താന്‍ ലക്ഷദ്വീപ് സ്വദേശിനിയാണെന്നും വീടുവിട്ടിറങ്ങിയതാണെന്നുമാണ് ജിത്തു പോലീസിനോട് പറഞ്ഞിരുന്നത്. തെരുവോരം മുരുകന്‍ നടത്തുന്ന കാക്കനാട്ടെ ‘തെരുവു വെളിച്ചം’ അഭയകേന്ദ്രത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ പോലീസ് ജിത്തുവിനെ എത്തിച്ചു. പരസ്പരവിരുദ്ധമായി സംസാരിച്ച ഇവര്‍ വീടുവിട്ടിറങ്ങിയ ഏതോ പെണ്‍കുട്ടിയാണെന്ന് പോലീസ് കരുതി. രാവിലെ ലക്ഷദ്വീപ് പോലീസ് അഭയകേന്ദ്രത്തിലെത്തിയെങ്കിലും ലക്ഷദ്വീപുകാരിയല്ലെന്ന് അവരും സ്ഥിരീകരിച്ചു.
Read Also:ഉറക്കത്തിനിടെ മുഖത്തേക്ക് ചൂടുള്ള എന്തോ വീണു, വേദന കൊണ്ട് പുളഞ്ഞു: അയാള്‍ അട്ടഹസിച്ച് പറഞ്ഞു, ഇനി നീ പോയി ജീവിച്ചോ…അതിജീവനത്തിന്റെ മാതൃകയായി സക്കീറ
മണിക്കൂറുകള്‍ക്ക് ശേഷമാണ് അഭയകേന്ദ്രത്തിലുള്ളത് കൊലപാതകക്കേസില്‍ അന്വേഷിക്കുന്നയാളാണെന്നത് പോലീസിന് മനസ്സിലായത്. പിന്നീട് പറവൂര്‍ പോലീസ് തെരുവോരം മുരുകനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ജിത്തുവിനെ പുറത്തുവിടരുതെന്നും സുരക്ഷിതയായിരിക്കണമെന്നും മുരുകനെ ചട്ടം കെട്ടിയ പോലീസ് കാക്കനാട്ടേക്ക് തിരിച്ചു.
തന്നെ ആണ്‍സുഹൃത്തിനൊപ്പം വിട്ടയക്കണമെന്ന് ജിത്തു പലതവണ ആവശ്യപ്പെട്ടെങ്കിലും മുരുകനും സഹപ്രവര്‍ത്തകരും തന്ത്രപരമായി ജിത്തുവിനെ അഭയകേന്ദ്രത്തില്‍ തന്നെ നിര്‍ത്തി. ഇതിനിടെ സമീപത്തെ ഫ്‌ലാറ്റിലുള്ള വീട്ടമ്മ അന്തേവാസികള്‍ക്കായി പായസം കൊണ്ടുവന്നു. ഇത് കുടിച്ചുകൊണ്ടിരിക്കെ പോലീസ് എത്തുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് ജിത്തു വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് ജിത്തുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാലണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാല്‍ ജിത്തു അടുത്തിടെ തല മൊട്ടയടിച്ചിരുന്നു. അതാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കിയത്.
സഹോദരിയെ കൊലപ്പെടുത്തിയത് വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹകൂടുതല്‍ കാരണമാണെന്ന് ജിത്തു പോലീസിനോട് പറഞ്ഞു. ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം സഹോദരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ജിത്തു കറി കത്തിയെടുത്തു. കത്തി കൊണ്ടു നേരെ വീശിയപ്പോള്‍ വിസ്മയയുടെ നെഞ്ചിലും കയ്യിലും മുറിവുപറ്റി. ശേഷം വിസ്മയയുടെ ദേഹത്ത് ജിത്തു മണ്ണെണ്ണ ഒഴിച്ചു. ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. പിന്നീട് തീ പടര്‍ന്നപ്പോള്‍ വിസ്മയയെ അതിലേക്ക് പിടിച്ചിടാന്‍ ശ്രമിച്ചു. സോഫയുടെ കൈപ്പിടി ഉപയോഗിച്ച് തള്ളിയിട്ടു. ശേഷം മണ്ണെണ്ണയും രക്തവുമായ തന്റെ വസ്ത്രം മാറ്റി ജിത്തു വൃത്തിയുള്ള വസ്ത്രം ധരിച്ചു.
പിന്നീട് വീടിന്റെ അരികിലുള്ള വഴിയിലൂടെ പുറത്തുപോയി. അവിടെ നിന്ന് ഒരാളോട് പത്തു രൂപ വാങ്ങിയും കാറുകളില്‍ ലിഫ്റ്റ് ചോദിച്ചും എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ ഒരു മാളില്‍ കയറി ജോലി അന്വേഷിച്ചു. എന്നാല്‍ ആധാര്‍ കാര്‍ഡുമായി നാളെ വരാന്‍ ആവശ്യപ്പെട്ട് അവര്‍ പറഞ്ഞയച്ചു. പിന്നീട് ശുചിമുറിയിലും മറ്റുമായി ജിത്തു നേരം വെളുപ്പിക്കുകയായിരുന്നു. അതിനുശേഷമാണ് പിങ്ക് പോലീസ് ജിത്തുവിനെ കണ്ടെത്തിയത്.