ചെറുതോണി: സംസ്ഥാനത്തെ നടുക്കിയ പ്രളയത്തില്‍ നിന്നും കരകയറിയതിനു പിന്നാലെ കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയില്‍ വന്‍ തിരിച്ചടി. കീടബാധ ബാധിച്ച് കുരുമുളക് അപ്പാടെ കരിഞ്ഞുണങ്ങുകയാണ്. ഇതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വിളവെടുപ്പിന് പ്രായമാകുമ്പോഴേയ്ക്കും വാടികൊഴിഞ്ഞ് വീണുപോവുകയാണ്. ഇതോടെ കര്‍ഷകരുടെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കുകയാണ്.
പ്രളയത്തെ അതിജീവിച്ച കുരുമുളക് ചെടികള്‍ക്കാണ് ഇപ്പോള്‍ കീടബാധ ഉണ്ടായിരിക്കുന്നത്. കുരുമുളക് ചെടികള്‍ അപ്പാടെ ഉണങ്ങിക്കരിയുന്ന രോഗമാണ് കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്നത്. പുതിയ തൈകളും കായ്ഫലമുള്ളതുമായ കുരുമുളക് ചെടികളുടെ ഇലകള്‍ ആദ്യം മഞ്ഞ നിറത്തിലായിമാറുന്നു. പിന്നീട് ഇലകള്‍ ഉണങ്ങികരിഞ്ഞ് കൊഴിഞ്ഞുവീഴുകയാണ്.
തുടര്‍ന്ന് ശിഖരങ്ങളും തണ്ടും ഉണങ്ങുന്നു. ഇതോടെ വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുന്ന കുരുമുളക് നിലംപൊത്തും. ഒപ്പം കുരുമുളക് ചെടിയും പൂര്‍ണ്ണമായും നശിക്കും. ഹൈറേഞ്ചില്‍ നിരവധി പ്രദേശങ്ങളില്‍ ഇത് വ്യാപകമായി കണ്ടുതുടങ്ങിയിട്ടുണ്ട്. കീടബാധയുണ്ടായതോടെ കുരുമുളക് കൃഷി ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. കരിക്കുംതോളം മേഖലയില്‍ നിരവധിപേരുടെ കുരുമുളക് തോട്ടത്തില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post