കാക്കനാട്: പറവൂരില്‍ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) കഴിഞ്ഞ ദിവസം പോലീസ് കാക്കനാട് ഭാഗത്ത് നിന്നും പിടികൂടിയിരുന്നു. എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെയാണ് ജിത്തുവിനെ കണ്ടെത്തിയത്. ഇവരെ പോലീസ് തിരിച്ചറിയാന്‍ എടുത്തതാകട്ടെ 15 മണിക്കൂറും.
പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെണ്‍കുട്ടിയെന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്. സമീപ ഫ്‌ളാറ്റിലെ വീട്ടമ്മ അന്തേവാസികള്‍ക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂര്‍ പോലീസ് തെരുവു വെളിച്ചം എന്ന ഷെല്‍ട്ടര്‍ ഹോമിലെത്തിയത്. പോലീസിനെ കണ്ടപ്പോള്‍ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാന്‍ പഴുതില്ലാതിരുന്നതിനാല്‍ പോലീസിനൊപ്പം പോകുകയായിരുന്നു.
താന്‍ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ജിത്തുവിന്റെ ആദ്യ മൊഴി. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് ആളെ മനസ്സിലായില്ല. ഉച്ചയ്ക്കു ശേഷമാണ് പറവൂര്‍ പോലീസിനു വിവരം ലഭിക്കുന്നത്. അവര്‍ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. വിസ്മയ കേസില്‍ അന്വേഷിക്കുന്ന പെണ്‍കുട്ടിയാണെന്നു പോലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിര്‍ദേശം നല്‍കി.
ഇതോടെ മുരുകനും സഹപ്രവര്‍ത്തകരും പെണ്‍കുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആണ്‍ സുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെണ്‍കുട്ടി മുരുകനോട് ആവശ്യപ്പെട്ടെങ്കിലും മുരുകന്‍ നിരസിച്ചു. ഒടുവില്‍ അനുനയിപ്പിച്ച് ജിത്തുവിനെ സ്ഥാപനത്തില്‍ തന്നെ നിര്‍ത്തുകയായിരുന്നു.
Discussion about this post