കൊച്ചി: പറവൂരില്‍ ചേച്ചിയെ കൊലപ്പെടുത്തി ഒളിവില്‍ പോയ സഹോദരി ജിത്തു പോലീസ് പിടിയിലായി. കാക്കനാട് ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇവരെ പിടിയിലായത്. പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ മകള്‍ വിസ്മയ (25) ആണ് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്.
സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പോലീസിനോട് സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് നടത്തിയത്. വഴക്കിനിടയില്‍ കത്തികൊണ്ട് വിസ്മയയെ കുത്തുകയായിരുന്നെന്ന് കുറ്റം സമ്മതിച്ചുകൊണ്ട് ജിത്തു മൊഴി നല്കി. മരിച്ചുവെന്ന് തോന്നിയതിനാലാണ് തീകൊളുത്തിയതെന്നും കൃത്യത്തിന് തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു പൊലീസിനോട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവന് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ വീടിന്റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവന് റോഡിലെത്തിയതെന്ന് പോലീസ് കരുതുന്നു. ഇവിടെ നിന്നും ബസ്സില്‍ എറണാകുളത്തെത്തിയെന്നും കണ്ടെത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ചിട്ടും ജിത്തുവിനെ കണ്ടെത്താനാകാതെ വന്നതോടെ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിക്കിയിരുന്നു. ഇതിന് പിന്നാലെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടതായി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച ഒരു സൂചനയില്‍ നടത്തിയ അന്വേഷണത്തിലാണ് കാക്കനാട് നിന്ന് ജിത്തുവിനെ പോലീസ് പിടികൂടിയത്. ഇവര്‍ക്ക് ചില മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വിവരം.
എന്നാല്‍ മുന്‍പ് പുറത്തുവന്ന ഫോട്ടോയില്‍ കാണുന്ന രൂപമല്ല ഇപ്പോള്‍ ജിത്തുവിനുള്ളത്. അടുത്തിടെ തല മൊട്ടയടിച്ചിരുന്നു. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ ജിത്തുവിന്റെ കൈവശമാണുള്ളത്. ഏറ്റവും ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് പറവൂരിന് സമീപം എടവനക്കാട് വെച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കാണാതായിരുന്നു. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
എന്നാല്‍ ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ച മുന്‍പ് ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ടശേഷം ജിത്തു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി പറയപ്പെടുന്നു. വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്.
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്. പോലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post