പണം നൽകാതിരുന്നതോടെ വൈരാഗ്യം; ബന്ധം വീട്ടിലറിഞ്ഞതോടെ ഒഴിവാക്കാൻ ശ്രമം; ജെസിയുടെ ആഭരണങ്ങൾ കവർന്ന് മോഹനൻ റെയിൽവേ ട്രാക്കിൽ തള്ളിയതെന്ന് പോലീസ്

കടയ്ക്കാവൂർ: വർക്കലയിൽ എൽഐസി ഏജന്റായ 54-കാരി തീവണ്ടിയിടിച്ച് മരിച്ചസംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്. വക്കം പുളിവിളാകം വീട്ടിൽ ജെസി (54) യുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം 19-ന് രാവിലെ അയന്തി പാലത്തിനുസമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

ജെസിയുമായി അടുപ്പമുണ്ടായിരുന്ന കടയ്ക്കാവൂർ മണനാക്ക് ഭജനമഠം കിഴക്കതിൽ പുത്തൻവീട്ടിൽ മോഹനൻ (56) ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ആഭരണങ്ങൾ കൈക്കലാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.

സെഭവത്തിൽ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ മോഹനൻ ജെസിയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നൽകിയിരുന്നില്ല. ഇതിൽ വിരോധം തോന്നിയ മോഹനൻ ജെസിയുടെ ആഭരണങ്ങൾ കവരാൻ പദ്ധതിയിടുകയായിരുന്നു. ഇതിനിടെ ജെസിയുമായുള്ള അടുപ്പം മോഹനന്റെ വീട്ടിലറിഞ്ഞതോടെ ജെസിയെ ഏതെങ്കിലും വിധത്തിൽ ഒഴിവാക്കാൻ മോഹനൻ തീരുമാനിച്ചുറപ്പിച്ചു.

ഇൻഷുറൻസ് പോളിസി ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞ് 18-ന് വൈകീട്ട് മോഹനൻ ജെസിയെ അയന്തിയിലേക്ക് വിളിച്ചുവരുത്തിയാണ് കൃത്യം നടപ്പാക്കിയത്. റെയിൽവേ ട്രാക്കിലൂടെ ജെസി നടന്നുവരുമ്പോൾ മോഹനൻ പിന്നിലൂടെയെത്തി ജെസിയുടെ സാരി കഴുത്തിൽച്ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് ആഭരണങ്ങൾ കൈക്കലാക്കിയശേഷം മൃതദേഹം ട്രാക്കിൽ എടുത്തുകിടത്തി. മൃതദേഹത്തിലൂടെ തീവണ്ടി കടന്നുപോയതിനുശേഷം മോഹനൻ ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു.

ജെസി രാവിലെ വീട്ടിൽ നിന്നുപോയിട്ട് മടങ്ങിയെത്തിയില്ലെന്ന് കാട്ടി 18-ന് രാത്രിയിൽ ഇവരുടെ മകൾ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് 19-ന് രാവിലെ അയന്തി പാലത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. ജെസിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യ വിലയിരുത്തൽ.

പിന്നീടുള്ള പോലീസിന്റെ അന്വേഷണത്തിൽ 18-ന് രാത്രിയിൽ സംഭവസ്ഥലത്തുനിന്നു ഓട്ടോറിക്ഷ പോയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്തി. മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ കൂടി ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

laso Read-ഒരേ വളപ്പിൽ മൂന്ന് വീടുകൾ, എന്നിട്ടും ഒച്ചയോ ബഹളമോ ആരും കേട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിനിയും അനീഷും തമ്മിലുള്ള ബന്ധം വീട്ടുകാരറിയാതെ; പ്രതി ഗൾഫിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങിയ ലാലൻ

ജെസിയുടെ കവർന്നെടുത്ത ആഭരണങ്ങൾ മോഹനന്റെ വീട്ടിൽനിന്നും പോലീസ് കണ്ടെടുത്തു. റൂറൽ എസ്പി പികെ മധുവിന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ സിഐ വി അജേഷ്, എസ്‌ഐ മാരായ ദീപു, മാഹീൻ, മനോഹരൻ, നസീറുദ്ദീൻ, എഎസ്‌ഐമാരായ ശ്രീകുമാർ, ജയകൃഷ്ണൻ, എസ്‌സിപിഒ ജ്യോതിഷ്, പോലീസുകാരായ ബാലു, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Exit mobile version