തിരുവനന്തപുരം: പേട്ടയിൽ പുലർച്ചെ കോളജ് വിദ്യാർത്ഥി പെൺസുഹൃത്തിന്റെ വീട്ടിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ സംശയങ്ങളുയരുന്നു. കൊലപാതകം നടന്ന ഏദൻ എന്ന വീടിനു സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും ആരും നിലവിളിയോ ബഹളമോ കേട്ടില്ല. പ്രതിയായ സൈമൺ ലാലൻ അറിയിച്ചതനുസരിച്ചു പോലീസ് അവിടെ എത്തുമ്പോൾ മാത്രമാണു സമീപവാസികൾ കൊലപാതകവിവരം അറിയുന്നത്.
പേട്ട ചായക്കുടി ലെയ്‌നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണു സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു.
പോലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജ്. നെഞ്ചിൽ ക്തതികൊണ്ട് ആഴത്തിലുള്ള കുത്താണേറ്റത്. തറയിലും രക്തമുണ്ടായിരുന്നു. സൈമൺ ലാലന്റെ കുടുംബാംഗങ്ങളും ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നു.
ആംബുലൻസ് വരുത്തി നാലു മണിയോടെ പോലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് തെരച്ചിലിൽ കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ പ്ലസ്‌വൺകാരിയായ മകളും അനീഷും അംഗങ്ങളാണ്. ഇരുവരും സൗഹൃദത്തിലായത് ഇങ്ങനെയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നു എന്നാണ് സൂചന. ലാലന്റെ വീട്ടിൽ നിന്നും ഇവിടെ നിന്നു മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്.
പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു സൈമൺ എത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്നു ബലം പ്രയോഗിച്ചു കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ടു കുത്തിയെന്നുമാണു പോലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
പ്രവാസിയാണ് സൈമൺ ലാലൻ. ഗൾഫിൽ ബിസിനസ് നടത്തിയിരുന്ന സൈമൺ ഒന്നര വർഷം മുൻപാണു നാട്ടിലെത്തിയത്. തിരിച്ചു പോകാനുള്ള തയാറെടുപ്പിലായിരുന്നു.
ഹോട്ടൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജോർജിന്റെയും ഡോളിയുടെയും മകനാണ് അനീഷ്. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിയാണ്. അനൂപ് ആണ് സഹോദരൻ. ഇന്നലെ വൈകിട്ട് സംസ്‌കാരം നടത്തി.
Discussion about this post