നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥയും സഹനിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം ‘ആറാട്ട് മുണ്ടൻ’ തുടങ്ങി. പ്രശസ്ത സംഗീതജ്ഞൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മി പ്രിയയുടെ ഭർത്താവുമായ പി ജയ് ദേവ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ആദ്യമായി ലക്ഷ്മിപ്രിയ സഹനിർമ്മാതാവുന്ന ചിത്രം ഇവരുടെ തന്നെ ബാനർ ആയ എഎം മൂവീസ് ആണ് ഒരുക്കുന്നത്. നിർമ്മാണം എംഡി സിബിലാലാണ്. സഹനിർമ്മാണം കെപി രാജ് വക്കയിലും യുഎഇ ലക്ഷ്മിപ്രിയയും. ഛായാഗ്രഹണം -ബിജുകൃഷ്ണൻ, കഥ, സംഭാഷണം- രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം- സത്യദാസ് , എഡിറ്റർ-അനന്ദു വിജയൻ , സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന – എച്ച് സലാം (എംഎൽഎ), രാജശ്രീ പിള്ള. ചിത്രത്തിന്റെ താരനിർണ്ണയം പുരോഗമിക്കുകയാണ്.
സിനിമയെ സംബന്ധിച്ച് ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
നമസ്‌തേ,എ എം മൂവീസ് എന്ന ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ന് ബഹുമാനപ്പെട്ട എം പി ശ്രീ എ എം ആരിഫും എം എൽ എ ശ്രീ എഛ് സലാമും കൂടി നിർവഹിച്ചിരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ? ആദ്യത്തെ ചിത്രമായ ‘ആറാട്ട് മുണ്ടന്റെ പൂജയും അതോടൊപ്പം ഉണ്ടായിരുന്നു. ഔദ്യോഗിക ഫോട്ടോഗ്രാഫ്‌സ് ലഭിക്കും മുൻപേ സുഹൃത്തുക്കൾ ഫോട്ടോസ് ഒക്കെ ഇട്ടു കഴിഞ്ഞു..അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മണ്ണിൽ വച്ച് ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
ആറാട്ട് മുണ്ടൻ എന്ന പേര് ഒരുകാലത്ത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനം സൃഷ്ടിച്ച വാക്കാണ്. ഈ ചിത്രത്തിന്റെ കഥാ സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. ഇതുവരെ അഭിനേത്രി എന്ന നിലയിൽ യാതൊരു ടെൻഷനുമില്ലാതെ ഇരുന്ന ഞാൻ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോ അത് തരുന്ന സമ്മർദ്ദം വളരെ വലുതാണ്. എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏൽപ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിർമ്മാതാവ് എം ഡി സിബിലാൽ, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭർത്താവുമായ പി ജയ് ദേവ് തുടങ്ങി മുഴുവൻ പേരോടും നന്ദി അറിയിക്കട്ടെ….
എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയാക്കാൻ പരമാവധി ശ്രമിക്കാം എന്ന വാക്കോടെ സ്‌നേഹപൂർവ്വം ലക്ഷ്മി പ്രിയ
Discussion about this post