അമ്പലവയൽ: വയനാട് അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി മൃതദേഹം ഉപേക്ഷിച്ച കേസിൽ പെൺകുട്ടികൾക്കും മാതാവിനും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. അമ്പലവയൽ ആയിരംകൊല്ലിയിലെ മുഹമ്മദിന്റെ മരണത്തിൽ മറ്റ് ദുരുഹതകളില്ലെന്നും മുഹമ്മദിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കൊണ്ട് പോലീസ് സംഘം പറഞ്ഞു.
പിതാവ് ഉപേക്ഷിച്ചു പോയ ശേഷം തങ്ങളുടെ സംരക്ഷണം അത്രയും ഏറ്റെടുത്തിരുന്ന ബന്ധുവായ മുഹമ്മദ് അമ്മയെ കടന്നു പിടിക്കുന്നത് കണ്ടപ്പോഴാണ് കടും കൈ ചെയ്യേണ്ടി വന്നതെന്ന് പെൺകുട്ടികൾ ഇരുവരും പോലീസ്‌നി മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെൺകുട്ടികളുടെ മാതാവിനെ കടന്നു പിടിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു.
മരണം സംഭവിച്ചെന്നറിഞ്ഞതോടെ കത്തി ഉപയോഗിച്ച് വലതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി. ശരീരത്തിന്റെ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റിൽ തള്ളി. മൃതദേഹം ചാക്കിലാക്കാൻ പെൺകുട്ടികളുടെ മാതാവും സഹായിച്ചു. ശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ വിവരം അറിയിച്ചു. തുടർന്നാണ് പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറഞ്ഞത്.
കൊലപാതകം സംബന്ധിച്ച് അമ്മയും പെൺകുട്ടികളും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ പിതാവ് സുബൈറാണ് കൊലപാതകത്തിന് പിന്നിലെന്ന മുഹമ്മദിന്റെ കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു. ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ കിട്ടിയിട്ടില്ല. അതേസമയം, പെൺകുട്ടികൾ കൊലപാതകത്തിന് ശേഷം ഇക്കാര്യം അറിയിക്കാനായി പിതാവിനെ വിളിച്ച ഫോൺ കോൾ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കൊലപാതകത്തിൽ ദുരൂഹതകളുണ്ടെന്നായിരുന്നു കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ ഉൾപ്പടെ ആരോപിച്ചിരുന്നത്. ആശുപത്രി വാസം കഴിഞ്ഞെത്തിയ അമ്മയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും മാത്രം ചേർന്ന് ഇത്തരമൊരു കൊല നടത്താനാകില്ല. മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നാണ് മുഹമ്മദിന്റെ ഭാര്യ സക്കീന മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
മുഹമ്മദിന്റെ കൊലപാതകത്തിൽ അമ്പലവയലിലെ അമ്മയും പെൺകുട്ടികളും തന്നെയാണ് പ്രതികൾ. നാളുകളായി കുടുംബത്തിൽ നിലനിന്ന കലഹമാണ് കൊലയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
എന്നാൽ, മുഹമ്മദ് ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയേയും പെൺകുട്ടികളെയും സംരക്ഷിക്കുകയാണ് ചെയ്തത്. ഉപദ്രവിക്കാറില്ല, കുട്ടികളുടെ പിതാവിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് മുഹമ്മദിന്റെ ഭാര്യ ആരോപിക്കുന്നു. മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയും മക്കളുമാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.