കണ്ണൂർ: മലയാള സിനിമാലോകത്തു നിന്നും സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അരങ്ങൊഴിയുമ്പോൾ ബാക്കിയാകുന്നത് ഒരുപിടി ഹൃദ്യമായ ഗാനങ്ങളാണ്. എന്നെന്നും ഓർത്തിരിക്കുന്ന മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച് വിശ്വനാഥൻ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലി നേരുകയാണ് കലാലോകം.
തന്റെ യുപി സ്‌കൂൾ കാലത്തെ സംഗീത അധ്യാപകനായിരുന്ന കൈതപ്രം വിശ്വനാഥൻ മാഷിനെ ഓർത്തെടുക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവൻ.
‘നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ ചേർന്നപ്പോൾ ഏറ്റവും സന്തോഷമുണ്ടാക്കിയത് കൈതപ്രം വിശ്വനാഥൻ മാഷ് ആണ് ഞങ്ങളെ സംഗീതം പഠിപ്പിക്കുന്നത് എന്നതായിരുന്നു. വിശ്വൻ മാഷ് ക്ലാസിൽ വരും, നന്നായി ഇരുന്നു മുറുക്കും.. സദാ സമയവും വായിൽ മുറുക്കാൻ കാണും.. നല്ല നല്ല പാട്ടുകൾ, രാഗങ്ങൾ ഒക്കെ മൂളും, ചിലപ്പോഴൊക്കെ പാടും..യുവജനോത്സവമായാൽ ഞങ്ങൾക്ക് ഹരമാണ്. സദാ സമയവും വിശ്വൻ മാഷെ കൂടെ പ്രാക്ടീസിന് പോകാം.’- ഹരീഷ് വീസുദേവൻ സ്‌കൂൾ കാലം ഓർത്തെടുക്കുന്നതിങ്ങനെ.
വന്ദേമാതരത്തിനു വിശ്വൻ മാഷ് ഇട്ട ഈണമാണ് ഏതാണ്ട് 10 വർഷം സ്‌കൂൾ യുവജനോത്സവങ്ങളിൽ രാജാസിന് സമ്മാനം നേടി കൊടുത്തത്. രാജാസിന്റെ അഭിമാനമായി വിശ്വൻ മാഷ് ഉണ്ടായിരുന്നു.. ഒരു കുട്ടിയോടും വിശ്വൻ മാഷ് സ്‌നേഹത്തോടെ, സൗഹൃദത്തോടെ അല്ലാതെ അധികാരം എടുത്തു ഒരു വാക്ക് പറഞ്ഞു കണ്ടിട്ടില്ല. സദാ സമയവും ഓരോ ഈണം മൂളുന്നുണ്ടാകും.. സംഗീതത്തിൽ ജീവിച്ച മനുഷ്യൻ. മുറുക്കാത്ത വിശ്വൻ മാഷേ ആർക്കും ഓർമ്മയുണ്ടാകില്ല.. പുകയില വായിൽ ഉണ്ടാക്കിയ ക്യാൻസറിന് ചികിത്സയിൽ ആയിരുന്നു എന്നു കേട്ടു. ഒരിക്കലും അല്ലെങ്കിൽ ഇത്രവേഗം പോകേണ്ട ആളല്ല. നിസ്സഹായാവസ്ഥ തോന്നുന്നു.. ആദരാജ്ഞലി.- ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.
സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായിയായാണ് കൈതപ്രം വിശ്വനാഥൻ സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. ദേശാടനം, കളിയാട്ടം തുടങ്ങിയ ജയരാജ് ചിത്രങ്ങളിൽ സംഗീത സഹായിയായി പ്രവർത്തിച്ചു. ‘കണ്ണകി’ എന്ന ജയരാജ് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. ആദ്യമായി ചെയ്ത പാട്ട് ‘കരിനീല കണ്ണഴകി’ എന്നെ പാട്ടായിരുന്നു. ‘എന്ന് വരും നീ’, ‘പൂ പറിക്കാൻ പോരുമോ’, ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ’ തുടങ്ങി അതിലെ പാട്ടുകൾ എല്ലാം വളരെ മികച്ചവയിരുന്നു. ഈ സിനിമയിലെ പശ്ചാത്തല സംഗീതത്തിന് അദ്ദേഹത്തിന് ആ വർഷത്തെ സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ജയരാജ് തന്നെ സംവിധാനം ചെയ്ത തിളക്കമായിരുന്നു പിന്നീട് അദ്ദേഹം ചെയ്ത ചിത്രം. പിന്നീട് ദൈവനാമത്തിൽ, നീലാംബരി, സൗമ്യം, അന്നൊരിക്കൽ, ഏകാന്തം, മധ്യ വേനൽ, ഓർമ്മ മാത്രം തുടങ്ങി ഇരുപതിൽപ്പരം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി.
അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയവെ ഇന്ന് വൈകീട്ട് നാലോടെയാണ് സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിൽ വച്ചായിരുന്നു അന്ത്യം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
1995 ൽ നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ ചേർന്നപ്പോൾ ഏറ്റവും സന്തോഷമുണ്ടാക്കിയത് കൈതപ്രം വിശ്വനാഥൻ മാഷ് ആണ് ഞങ്ങളെ സംഗീതം പഠിപ്പിക്കുന്നത് എന്നതായിരുന്നു. സംഗീതത്തിനു പിരീഡ് ഉണ്ട് UP ക്ലാസിൽ. വിശ്വൻ മാഷ് ക്ലാസിൽ വരും, നന്നായി ഇരുന്നു മുറുക്കും.. സദാ സമയവും വായിൽ മുറുക്കാൻ കാണും.. നല്ല നല്ല പാട്ടുകൾ, രാഗങ്ങൾ ഒക്കെ മൂളും, ചിലപ്പോഴൊക്കെ പാടും..
യുവജനോത്സവമായാൽ ഞങ്ങൾക്ക് ഹരമാണ്. സദാ സമയവും വിശ്വൻ മാഷെ കൂടെ പ്രാക്ടീസിന് പോകാം. രണ്ടുമൂന്നു വർഷതിനുള്ളിൽ വിശ്വൻ മാഷ് സിനിമയിൽ ഏട്ടന്റെ സംഗീത സഹായി ആയി പോയി. സ്‌കൂളിൽ പകരം ജയൻ മാഷ് വന്നു.
സംസ്‌കൃത അധ്യാപകൻ വാസുദേവൻ മാഷുടെ കാരുണ്യത്തിൽ ഞങ്ങൾ പയ്യന്നൂരിലെ വിശ്വൻ മാഷുടെ ശ്രുതിലയയിൽ പോയി പിന്നെയും പാട്ടുകൾ കേട്ടു, ചിലതൊക്കെ പഠിച്ചു. സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങൾക്ക് വാസുദേവൻ മാഷോടൊപ്പം തോളോട് തോൾ ചേർന്നു വേദികൾ തെണ്ടാനും രാത്രി വരെ തമാശകൾ പറയാനും പാട്ട് പാടാനും, മാഷ് പഠിപ്പിച്ച സംഘഗാനം പാടി സമ്മാനം വാങ്ങുമ്പോൾ ഞങ്ങളേ കെട്ടിപ്പിടിച്ചു അഭിനന്ദിക്കാനും വിശ്വൻ മാഷ് ഉണ്ടായിരുന്നു. വന്ദേമാതരത്തിനു വിശ്വൻ മാഷ് ഇട്ട ഈണമാണ് ഏതാണ്ട് 10 വർഷം സ്‌കൂൾ യുവജനോത്സവങ്ങളിൽ രാജാസിന് സമ്മാനം നേടി കൊടുത്തത്. രാജാസിന്റെ അഭിമാനമായി വിശ്വൻ മാഷ് ഉണ്ടായിരുന്നു..
ഒരു കുട്ടിയോടും വിശ്വൻ മാഷ് സ്‌നേഹത്തോടെ, സൗഹൃദത്തോടെ അല്ലാതെ അധികാരം എടുത്തു ഒരു വാക്ക് പറഞ്ഞു കണ്ടിട്ടില്ല. സദാ സമയവും ഓരോ ഈണം മൂളുന്നുണ്ടാകും.. സംഗീതത്തിൽ ജീവിച്ച മനുഷ്യൻ..
വളർന്നപ്പോൾ വിശ്വൻ മാഷുമായുള്ള അടുപ്പവും കൂടി..
ദേശാടനം, കളിയാട്ടം എന്നിവയിൽ ദാമോരേട്ടനു പിന്നിൽ സാന്നിധ്യം.. സംഗീതത്തിൽ ചേട്ടനെക്കാളും കേമൻ അനിയൻ എന്നു ജയരാജന് തോന്നിയപ്പോൾ ‘കണ്ണകി’യിൽ സ്വന്തം പേരിൽ സിനിമയിൽ അരങ്ങേറ്റം. കിലുക്കത്തിനു ശേഷം മാഷേ എല്ലാവരും അറിയും..
മുറുക്കാത്ത വിശ്വൻ മാഷേ ആർക്കും ഓർമ്മയുണ്ടാകില്ല.. പുകയില വായിൽ ഉണ്ടാക്കിയ ക്യാൻസറിന് ചികിത്സയിൽ ആയിരുന്നു എന്നു കേട്ടു. ഒരിക്കലും അല്ലെങ്കിൽ ഇത്രവേഗം പോകേണ്ട ആളല്ല.
നിസ്സഹായാവസ്ഥ തോന്നുന്നു..
ആദരാജ്ഞലി. ??
Discussion about this post