കൊച്ചി: വടക്കൻ പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ കാണാതായത് ഇളയ സഹോദരിയെയെന്ന് സ്ഥിരീകരിച്ച് പോലീസ്. മരിച്ചത് വീട്ടിലെ മൂത്ത പെൺകുട്ടിയായ വിസ്മയയാണെന്നാണ് പോലീസ് നിഗമനം. ഒളിവിൽ പോയ ഇളയ പെൺകുട്ടിക്ക് വേണ്ടി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
ഇളയ പെൺകുട്ടി ജിത്തു, പ്രണയം എതിർത്തതിനെ തുടർന്ന് വിസ്മയയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മരിച്ചത് വിസ്മയ തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തും.
ഇതിനിടെ, പെൺകുട്ടി ജിത്തു മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് കൗൺസിലർ ബീന ശശിധരൻ പോലീസിനെ അറിയിച്ചു. ഇന്നലെയാണ് പറവൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിറകെ ഇരട്ട സഹോദരിമാരിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹത വർധിപ്പിക്കുകയായിരുന്നു.
സഹോദരിയെ കൊലപ്പെടുത്തി ഇരട്ട സഹോദരി രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പോലീസ്. പെരുവാരം അറയ്ക്കപ്പറമമ്പിൽ ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്തമകൾ വിസ്മയയാണെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചത്.
ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ, ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ഡോക്ടറെ കാണാൻ ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്തായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്.
വിസിമയ പൊള്ളലേറ്റ് മരിച്ചുകിടന്ന മുറിയുടെ വാതിൽക്കൽ രക്തം വീണിട്ടുണ്ട്. മണ്ണെണ്ണയുടെ ഗന്ധവുമുണ്ട്. മത്സ്യ വിൽപ്പനക്കാരനാണ് ശിവാനന്ദൻ. വിസ്മയ ബിബിഎയും ജിത്തു ബിഎസ്‌സിയും പൂർത്തിയാക്കിയിട്ടുണ്ട്.