തിരുവനന്തപുരം: പേട്ടയിൽ വീട്ടിലെത്തിയ മകളുടെ ആൺസുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കള്ളനാണെന്ന് കരുതി അനീഷിനെ കുത്തിവീഴ്ത്തിയതെന്ന സൈമൺ ലാലുവിന്റെ വാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.
ഇന്ന് പുലർച്ചെയോടെ വീട്ടിലെത്തിയ അനീഷിനെ പെൺകുട്ടിയുടെ മുറിയിൽ വെച്ചാണ് ലാലു കുത്തിവീഴ്ത്തിയത്. മകളുടെ മുറിയിൽ നിന്നും ശബ്ദം കേട്ടതോടെ ലാലു കത്തിയുമായി എത്തുകയായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ, വാതിൽ ചവിട്ടി തകർത്തു. പ്രാണരക്ഷാർത്ഥം കുളിമുറിയിൽ ഒളിച്ച അനീഷിനെ അവിടെവച്ച് ലാലു കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നു.
തുടർന്ന് വീട്ടിൽ ഒരു പയ്യൻ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും സ്‌റ്റേഷനിലെത്തിയാണ് പ്രതി പോലീസിനോട് പറഞ്ഞത്. പോലീസ് ലാലുവിന്റെ വീട്ടിലെത്തി ഉടനെ തന്നെ അനീഷിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, പുലർച്ചയോടെ ശബ്ദം കേട്ട് നിരീക്ഷിച്ചപ്പോൾ ഒരാൾ വീട്ടു വളപ്പിൽ ഉണ്ടെന്നു മനസിലായി. കള്ളനാണെന്നു കരുതിയാണ് സ്വയരക്ഷയ്ക്കായി കത്തിയെടുത്തത്. അടുത്തേക്കെത്തിയപ്പോൾ പ്രതിരോധിക്കാനായി കുത്തിയതാണെന്നുമാണ് ലാലു പോലീസിന് നൽകിയിരിക്കുന്ന മൊഴി.
പുലർച്ചെ മൂന്ന് മണിയോടെയാകാം അനീഷ് സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. നാല് മണിയോടെയാണ് സൈമണിന്റെ വീട്ടിൽവെച്ച് അനീഷിന് കുത്തേറ്റത്. രാത്രി വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥൻ കുത്തിയ സംഭവത്തിനു പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് പോലീസ് പറയുന്നു. കള്ളനാണെന്നു കരുതിയാണ് കുത്തിയതെന്ന ഗൃഹനാഥൻ ലാലുവിന്റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. രണ്ടാം നിലയിൽവച്ചാണ് പേട്ട സ്വദേശി അനീഷ് ജോർജിന് (19) കുത്തേറ്റത്. അനീഷും ലാലുവിന്റെ മകളും തമ്മിൽ പള്ളിയിൽവച്ച് പരിചയം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
പ്രവാസിയായ ലാലു ഒന്നരവർഷം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം പേട്ടയിലെ ചായക്കുടി ലെയ്‌നിൽ ഈഡൻ എന്ന വീട്ടിൽ താമസമായിരുന്നു. ഇവരുടെ വീട്ടിൽ നിന്നും വെറും 800 മീറ്റർ അകലെ ആനയറ ഭാഗത്താണ് കൊല്ലപ്പെട്ട അനീഷിന്റെ വീട്.
കൊല്ലപ്പെട്ട അനീഷ് ജോർജും പ്രതി സൈമണിന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിൽ ഒരുമിച്ചായിരുന്നു. ഈ പരിചയമാണ് സൗഹൃദത്തിലേക്കെത്തിയത്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയുമായിരുന്നില്ല. പക്ഷേ ഇത് സൈമൺ മനസ്സിലാക്കിയിരുന്നെന്നാണ് വിവരം.
അനീഷ് ജോർജ് രാത്രി വീട്ടിലെത്തിയതെന്തിന്, നേരത്തെ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പേട്ട പോലീസ് പറഞ്ഞു.
Discussion about this post