തിരുവനന്തപുരം: രാത്രിയില്‍ വീട്ടില്‍ കിടന്നുറങ്ങിയ മകന്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടെന്ന വാര്‍ത്തകേട്ടതിന്റെ ആഘാതത്തില്‍ ഒരു കുടുംബം. ആ വാര്‍ത്ത അറിഞ്ഞതാകട്ടെ പോലീസില്‍ നിന്നും. തിരുവനന്തപുരം പേട്ടയില്‍ ഗൃഹനാഥന്റെ കുത്തേറ്റാണ് 19 വയസുകാരനായ അനീഷ് ജോര്‍ജ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് പരിസരത്തുള്ള മറ്റൊരു വീടിന്റെ രണ്ടാം നിലയില്‍വച്ച് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ഗൃഹനാഥന്‍ ലാലു പോലീസില്‍ കീഴടങ്ങിയിരുന്നു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് അനീഷ്.
അനീഷ് രാത്രി സ്വന്തം വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു പോയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ നാലു മണിക്ക് പേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മകന് അപകടം സംഭവിച്ചതായി അറിയിക്കുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന സത്യം മാതാപിതാക്കള്‍ പോലും അറിഞ്ഞത്. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ ഐശ്വര്യയെന്ന വീട്.
അപകടം നടന്നെന്നു മാത്രമാണ് പോലീസ് അറിയിച്ചത്. വീടിന് പുറത്തിറങ്ങിയപ്പോള്‍ പോലീസ് ജീപ്പ് എത്തിയതായി അനീഷിന്റെ പിതാവ് പറയുന്നു. ജീപ്പില്‍ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകനു കുത്തേറ്റ വിവരം പോലും ഇവര്‍ അറിഞ്ഞത്. പോലീസ് ജീപ്പില്‍തന്നെ പിതാവിനെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയി. പിതാവിനെ കാണിച്ചശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.
കള്ളനാണെന്ന് കരുതി ഒരാളെ കുത്തിയെന്നും അയാള്‍ വീട്ടില്‍ കിടക്കുന്നുവെന്നും പോലീസ് സ്‌റ്റേഷനിലെത്തി ലാലു പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. പോലീസെത്തി അനീഷിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. അനീഷ് ജോര്‍ജ് രാത്രി വീട്ടിലെത്തിയതെന്തിന്, നേരത്തെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പേട്ട പോലീസ് പറഞ്ഞു. അനീഷും ലാലുവിന്റെ മകളും തമ്മില്‍ പള്ളിയില്‍ വച്ച് പരിചയം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.