പറവൂർ: പെരുവാരത്ത് യുവതിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. ഒരു മകളെ കാണാനില്ല. അതേസമയം, രണ്ട് പെൺമക്കളിൽ ആരാണ് മരിച്ചതെന്ന് ഇതുവരം സ്ഥിരീകരിച്ചിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് ശിവാവനന്ദനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല.
ശിവാനന്ദൻ, ഭാര്യ ജിജി, മക്കളായ വിസ്മയ, ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. മൃതദേഹത്തിലെ മാലയുടെ ലോക്ക് നോക്കി മൂത്തമകൾ വിസ്മയയാണ് മരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇളയ മകൾ ജിത്തു രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.
വീട്ടിൽ നിന്ന് കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് മണിയോടെ പുക ഉയരുന്നത് കണ്ട അയൽവാസികളാണ് പോലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിച്ചത്. പോലീസും ഫയർഫോഴ്സുമെത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികൾ പൂർണമായും കത്തിനശിച്ചു. കത്തിയ മുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂർണമായും കത്തികരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിൽ കട്ടിളയിൽ രക്തം കെട്ടികിടപ്പുണ്ട്.
ഡോക്റെ കാണാൻ രാവിലെ പതിനൊന്ന് മണിയോടെ ശിവാനന്ദൻ ഭാര്യയുമൊത്ത് പോയതായിരുന്നു, രണ്ട് മണിയോടെ വീട്ടിലുള്ള മൂത്ത മകൾ വിസ്മയയെ ഫോണിൽ വിളിച്ചിരുന്നു. ഒരാഴ്ച മുൻപ് ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ട് മാനസികാസ്വാസ്ഥ്യമുള്ള ഇളയ മകൾ ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയതായും വിവരമുണ്ട്. സംഭവസ്ഥലത്തുനിന്നും വിസ്മയയുടെ മൊബൈൽ ഫോൺ കാണാതായിട്ടുണ്ട്.
വൈകിട്ട് ആറ് മണിയോടെ എടവനക്കാട് ഭാഗത്ത് ടവർ ലൊക്കേഷൻ ലഭിച്ചതായി വിവരമുണ്ട്. ജിത്തുവുമായി അടുപ്പമുള്ള നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽകോളജ് മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post