തൃശ്ശൂര്‍: ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ഭയത്താല്‍ ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി. പൊന്നും പണവും ഇല്ലെങ്കിലും വിദ്യയെ വിവാഹം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയ നിധിനാണ് വിദ്യയ്ക്ക് വാക്കുപാലിച്ച് താലി ചാര്‍ത്തിയത്. പാറമേക്കാവ് അമ്പലത്തില്‍ 8.30-നും ഒന്‍പതിനും ഇടയില്‍ വെച്ചായിരുന്നു ചടങ്ങ്.
വിവാഹശേഷം ദമ്പതിമാര്‍ നിധിന്റെ കയ്പമംഗലത്തെ വീട്ടിലേക്ക് പോകും. ഡിസംബര്‍ ആറിനായിരുന്നു വിപിന്‍ ജീവനൊടുക്കിയത്. ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. പൊന്നും പണവുമൊന്നും നിധിന്‍ ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും, പെങ്ങള്‍ക്ക് വിവാഹത്തിന് അല്‍പം സ്വര്‍ണവും നല്ലവസ്ത്രവും നല്‍കാനുള്ള പ്രയത്നത്തിലാണ് കുണ്ടുവാറയിലെ മൂന്നുസെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരുലക്ഷമെങ്കിലും എടുക്കാന്‍ വിപിന്‍ തീരുമാനിച്ചത്.
പണം നല്‍കാമെന്നും ഡിസംബര്‍ ആറ് തിങ്കളാഴ്ച രാവിലെ എത്താനുമായിരുന്നു ധനകാര്യസ്ഥാപനം അറിയിച്ചത്. ഈ ഉറപ്പിന്മേല്‍ പെങ്ങളെയും അമ്മയെയും സ്വര്‍ണം വാങ്ങാനായി ജൂവലറിയിലേക്കയച്ച് ധനകാര്യസ്ഥാപനത്തിലെത്തിയ വിപിന് പണം വാങ്ങാനായി എത്തി. എന്നാല്‍ പിന്നീട് പണം നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ മനംനൊന്ത് വിപിന്‍ ജീവനൊടുക്കുകയായിരുന്നു.
ശേഷം വിപിന്റെ കുടുംബത്തിന് അനേകംപേര്‍ സഹായവുമായെത്തി. പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്‍, വിപിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് വിവാഹം കഴിച്ചേ വിദേശത്തേക്ക് മടങ്ങൂവെന്ന് തീരുമാനിച്ചു. ജനുവരി പകുതിയോടെ നിധിന്‍ വിദേശത്തേക്ക് ജോലിക്കായി മടങ്ങും. വൈകാതെ വിദ്യയെയും കൊണ്ടുപോകും. വിപിന്റെ സഹോദരിക്കായി മലബാര്‍ ഗോള്‍ഡും കല്യാണ്‍ ജുവലേഴ്‌സും സ്വര്‍ണ്ണം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.