കല്‍പ്പറ്റ: വയനാട്ടില്‍ അമ്മയെ ഉപദ്രവിച്ച ആളെ തലക്കടിച്ച് കൊലപ്പെടുത്തി കൗമാരക്കാരായ പെണ്‍കുട്ടികള്‍. അമ്പലവയല്‍ സ്വദേശിയായ 68 വയസ്സുകാരന് മുഹമ്മദിനെയാണ് കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പോലീസില്‍ കീഴടങ്ങി.
മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ മക്കളാണ് കീഴങ്ങിയ പെണ്‍കുട്ടികള്‍. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടികള്‍ പോലീസിനോടു പറഞ്ഞത്. മറ്റു വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. 15, 16 വയസ്സുകാരായ പെണ്‍കുട്ടികളാണ് കീഴടങ്ങിയത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. അമ്പലവയലിന് സമീപം ആയിരംകൊല്ലിയിലാണ് വയോധികന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
അമ്മയെ കയറി പിടിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ കോടാലികൊണ്ട് മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
മൃതദേഹം സമീപത്തെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു. മുഹമ്മദ് ഇതിനു മുന്‍പും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്കി.
കീഴടങ്ങിയ പെണ്‍കുട്ടികളെ ബുധനാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.
Discussion about this post