കൊച്ചി: കോവിഡ് തരംഗത്തിൽ തൊഴിൽ നഷ്ടപ്പെട്ട അനേകം കലാകാരന്മാരിൽ മുൻനിരയിലാണ് മിമിക്രി കലാകാരന്മാരുടെ സ്ഥാനം. സ്റ്റേജ് ഷോകളും പൂരപ്പറമ്പും ആഘോഷങ്ങളും ഓർമ്മയായതോടെ തൊഴിലില്ലാതെ കഷ്ടതയിലായ മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് കൈത്താങ്ങായി സിനിമാ താരവും എംപിയുമായ സുരേഷ് ഗോപി.
മലയാളത്തിലെ മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ'(MAA-മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ) യിലെ അംഗങ്ങൾക്കായി ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു സുരേഷ് ഗോപി. ഇപ്പോഴിതാ പുതിയ സിനിമയുടെ അഡ്വാൻസ് ലഭിച്ചയുടനെ തന്നെ താരം 2 ലക്ഷം രൂപ മാ സംഘടനയ്ക്ക് കൈമാറിയിരിക്കുകയാണ്. 200ഓളം കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന പ്രവർത്തി ചെയ്ത സുരേഷ് ഗോപിക്ക് നന്ദി പറയുകയാണ് മിമിക്രി താരങ്ങൾ ഓരോരുത്തരും.
മിമിക്രി കലാകാരനായ വിനോദ് കെടാമംഗലം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
ഓർമയുണ്ടാവും..ഈ മുഖം.. നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്..
‘ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും’ സുരേഷ് ഗോപി. ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association)
ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ
പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റർ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി??
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദി.
അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ്
‘ ഓർമയുണ്ടോ ഈ മുഖം ‘
MAA എന്ന സംഘടന പറയട്ടെ..
എന്നും ഓർമയുണ്ടാകും ഈ മുഖം ..