കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിതിന മോളുടെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് ഡിവൈഎഫ്‌ഐ. നിതിനയുടെ അമ്മയുടെ ചികിത്സയ്ക്കും മറ്റുമായി സ്വരുകൂട്ടിയ 15 ലക്ഷം രൂപ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈമാറി.
ഡിവൈഎഫ്‌ഐയുടെ മേഖലാ ഭാരവാഹിയായിരുന്നു നിതിന മോള്‍. എല്ലാമെല്ലാമായിരുന്ന നിതിനയുടെ മരണത്തോടെ ഒറ്റപ്പെട്ട അമ്മയ്ക്കാണ് ഡിവൈഎഫ്‌ഐ സഹായം നല്‍കിയത്. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും അഞ്ച് ലക്ഷം സേവിങ് നിക്ഷേപമായും ബാങ്കിലിട്ടു. കടുത്ത ശ്വാസകോശ രോഗിയാണ് ബിന്ദു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിഷേക് പോലീസിന് മൊഴി നല്‍കിയിരുന്നത്. ഒക്ടോബര്‍ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് കോളേജ് ക്യാമ്പസില്‍ വെച്ച് കൊലപാതകം നടന്നത്. അവസാനവര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും.
പതിനൊന്ന് മണിയോടെ പരീക്ഷ ഹാളില്‍ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികില്‍ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തില്‍ രക്ത ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്.
സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിന. ഏഴു വര്‍ഷം മുമ്പാണ് തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ ഇവര്‍ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബത്തിന് തലയോലപറമ്പിലെ ഒരു സാമൂഹിക സംഘടനയാണ് വീട് വച്ച് നല്‍കിയത്.