കാക്കനാട്: പോലീസ് സ്‌റ്റേഷനിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങുന്നതിനിടെ പോലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്റ്റേഷനകത്ത് ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച രണ്ടുപേർ പിടിയിൽ. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് റംനാസ് (21), ചാലയിൽ അയൂബ് (26) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ 12നു രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മുണ്ടംപാലം കളപ്പുരയ്ക്കൽ മുഹമ്മദ് റാഫിയെ (21) മർദിച്ച കേസിലെ പ്രതികളാണിവർ. ഈ കേസിൽ കോടതി നിർദേശപ്രകാരം ജാമ്യമെടുക്കാനെത്തിയ ഇവർ പോലീസ് സ്റ്റേഷനിൽ ചെലവഴിച്ച സമയത്താണു പോലീസ് കാണാതെ സ്റ്റേഷനകത്തും പുറത്തും വെച്ച് ഈ വീഡിയോ ഷൂട്ട് ചെയ്തത്.
അയൂബ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന രംഗം റംനാസ് ഷൂട്ട് ചെയ്ത ശേഷം സിനിമാ സംഭാഷണം ചേർത്തു പ്രചരിപ്പിക്കുകയായിരുന്നു.”പോലീസ് ഓഫിസർമാരുടെ കുടൽ വിറയ്ക്കും, പിടിച്ചകത്തിട്ടാൽ നാലാം ദിവസം ഇറങ്ങിപ്പോരും, എന്നിട്ട് കുടുംബത്തു കേറി നിരങ്ങും” എന്ന സംഭാഷണം ചേർത്താണു പ്രതികൾ വാട്‌സ്ആപ്പിൽ വീഡിയോ സ്റ്റാറ്റസ് ഇട്ടത്.
Also Read-https://www.bignewslive.com/entertainment/284967/prithviraj-withdrew-from-barroz/
ദൃശ്യം പ്രചരിച്ചതോടെ സ്‌പെഷൽ ബ്രാഞ്ച് പോലീസാണു സംഭവം ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നായിരുന്നു എസ്‌ഐ വിവി വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതികളുടെ അറസ്റ്റ്. ചിത്രീകരണത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. അയൂബിനെതിരെ റൂറൽ പരിധിയിൽ വേറെയും കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
Discussion about this post