കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായേക്കാവുന്ന ദിലീപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. കേസില്‍ പ്രതിയായ ദിലീപ്, അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ 2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയില്‍ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും തുറന്നുപറയുന്നതാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് അവകാശപ്പെടുന്നു.
ദിലീപിനെതിരെ നവംബര്‍ 25 ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബാലചന്ദ്രകുമാര്‍ ഈ ശബ്ദരേഖകള്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസില്‍ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു.
‘ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു’, തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദീലീപ് ഇക്കാര്യം പറയുന്നത്.
ഇതെല്ലാം മറച്ചുവയ്ക്കാന്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപ വരെ നല്‍കാന്‍ താന്‍ സന്നദ്ധനായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
മറ്റൊരു ശബ്ദരേഖയില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് പള്‍സര്‍ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുന്നുണ്ട്.
‘കൈയ്യില്‍ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവില്‍ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്നാണ് സംഭാഷണത്തില്‍ പറയുന്നത്. ഇതിനിടെ ‘ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ ആത്മവിശ്വാസത്തോടെ ദിലീപ് പറയുന്ന മറ്റൊരു ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായി വീട്ടിലെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍ നടത്തിയ സംഭാഷണങ്ങളാണ് ഇവ എന്നാണ് ശബ്ദരേഖകള്‍ പുറത്തുവിട്ട ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. ഈ സംഭാഷണങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞയാഴ്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതില്‍ സമര്‍പ്പിച്ച ഹര്‍ജി ദിലീപ് പിന്‍വലിച്ചിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
Discussion about this post