പത്തനംതിട്ട: കനക ദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചെന്ന് പോലീസ്. ഭക്തരുടെ തിരക്ക് അനിയന്ത്രിതമായ ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സുരക്ഷ നല്‍കാനാവില്ലെന്ന് കനക ദുര്ഗയോടും ബിന്ദുവിനോടും പോലീസ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ഇരുവരും ദര്‍ശനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് പോലീസ് നല്കുന്ന വിശദീകരണം. എന്നാല്‍ വിഷയത്തില്‍ ഇതുവരെ യുവതികളുടെ പ്രതികരണം ലഭ്യമായിട്ടില്ല. ആശുപത്രിയില്‍ കഴിയുകയാണ് കനകദുര്‍ഗയും ബിന്ദുവും. ഇന്നലെ രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയ കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനേയും മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയേയും പ്രതിഷേധം കാരണം പോലീസ് തിരിച്ചിറക്കി കോട്ടയത്തേക്ക് എത്തിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാല്‍, പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്നും കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് പോലീസ് പറഞ്ഞത് തെറ്റാണെന്നും ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും പോലീസ് അവരെ തടഞ്ഞുവെച്ചിരിക്കുയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കോട്ടയം ഡിവൈഎസ്പി ശിവകുമാര്‍ ഇന്നലെ ഇവരുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മകരവിളക്കിനായി നടതുറക്കുമ്പോള്‍ സംരക്ഷണം നല്‍കാമെന്ന് അറിയിച്ചെന്നും മടങ്ങിപ്പോകാന്‍ അവര്‍ തയ്യാറാണെന്നുമായിരുന്നു ശേഷം പോലീസ് പറഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ ബിന്ദുവോ കനകദുര്ഗകയോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. സുരക്ഷ തരില്ലെന്ന് മാത്രമല്ല സുരക്ഷ വേണ്ട എന്ന് എഴുതി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Discussion about this post