തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയരുന്ന വിലക്കയറ്റത്തിന് തടയിടാന്‍ സപ്ലൈകോ ആരംഭിച്ച ക്രിസ്തുമസ്-ന്യൂയര്‍ മേളയ്ക്ക് പൊതുജനത്തിനിടയില്‍ വന്‍ സ്വീകാര്യത.
തിരക്കേറിയതോടെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍,പീപ്പിള്‍ ബസാര്‍, അപ്നാ ബസാര്‍ എന്നിവ ഞായറാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സപ്ലൈക്കോ എംഡി അറിയിച്ചു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പുതുവത്സരംകൂടി ലക്ഷ്യമാക്കി ജനുവരി അഞ്ചുവരെയാണ് മേള.
ഉത്സവകാലത്ത് കുതിച്ചുയരുന്ന വിപണി വിലക്കയറ്റത്തില്‍ പൊതുജനത്തിന് ഏറെ ആശ്വാസംപകരുകയാണ് സപ്ലൈകോ. ഉത്സവകാലങ്ങളില്‍ ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും അല്ലാതെയും പൊതുവിപണിയേക്കാള്‍ വിലക്കുറവിലും ലഭ്യമാക്കുന്നു. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വിപണിയും ഒരുക്കിയിട്ടുണ്ട്. പൊതുവിപണിയിലേക്കാള്‍ വലിയ വിലക്കുറവാണിവിടെ. പോക്കറ്റ് കാലിയാവാതെ തന്നെ ഗുണമേന്മയുള്ള അവശ്യസാധനങ്ങള്‍ എല്ലാം വാങ്ങിക്കാനാവും.
സപ്ലൈകോ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനും വിപണി ഇടപെടല്‍ കാര്യക്ഷമമാക്കാനും സാധിക്കും.
വിപണി ഇടപെടലിന് പ്രതിവര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. ഇ-ടെണ്ടര്‍, ഇ- ലേലം എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് നാഫെഡ് മുഖേന ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് അവശ്യ സാധനങ്ങള്‍ സംഭരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റം തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതു വിപണിയേക്കാള്‍ 40 ശതമാനം വരെ വിലക്കുറവിലാണ് ഭക്ഷ്യ ധാന്യങ്ങളും ശബരി ഉത്പന്നങ്ങളും സപ്ലൈകോ വഴി വില്‍പ്പന നടത്തുന്നത്. സപ്ലൈകോ ഒട്ട് ലെറ്റിലൂടെ വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി പരിശോധന കര്‍ശനമാക്കും.
മേളകളില്‍ സപ്ലൈകോ വഴി വില്‍പ്പന നടത്തുന്ന പച്ചക്കറികള്‍ക്ക് വിപണി വിലയേക്കാള്‍ വലിയ വില വ്യത്യാസം പ്രകടമാണ്. ഒരു കിലോ തക്കാളി 50 രൂപയ്ക്കാണ് മേളയിലൂടെ വില്‍പ്പന നടത്തുന്നത്. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ കുടുംബശ്രീ, മില്‍മ എന്നി സ്ഥാപനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാണ്.
കൂടാതെ, ക്രിസ്മസ് -പുതുവത്സര മേളയില്‍ കൂടുതല്‍ സപ്ലൈകോ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ഒരു സ്ത്രീയ്ക്കും പുരുഷനും സംസ്ഥാനതലത്തില്‍ 5,000 രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും. ജനുവരി അഞ്ചുവരെയുള്ള കാലയളവില്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ മാവേലി, അപ്നാ ബസാര്‍, സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ അതത് ബില്‍നമ്പര്‍ സഹിതം സപ്ലൈകോ വെബ്‌സൈറ്റിലെ http://www.supplyco.in/contest ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. സമ്മാനര്‍ഹര്‍ സമ്മാനം കൈപ്പറ്റാനെത്തുമ്പോള്‍ ഒറിജിനല്‍ ബില്ലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും നല്‍കണം.