കിഴക്കമ്പലം: ക്രിസ്മസ് രാത്രി എറണാകുളം കിറ്റെക്‌സിലെ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരുടെ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ നടന്നത് സംഘടിത ആക്രമണം. ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയത് അഴിഞ്ഞാട്ടമെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച അർധരാത്രിയാണ് കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികൾ തമ്മിൽ ക്രിസ്മസ് കരോൾ സംബന്ധിച്ച് തർക്കമുണ്ടായത്. തൊഴിലാളികൾ താമസസ്ഥലത്ത് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് പ്രശ്‌നം പരിഹരിക്കാനെത്തിയ പോലീസിന് നേരെ അക്രമികൾ തിരിയുകയായിരുന്നു. കുന്നത്തുനാട് സിഐ വിടി ഷാജൻ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ അക്രമികൾ മർദ്ദിച്ചു.
പോലീസ് വാഹനത്തിന് നേരെ കല്ലേറ് നടത്തി വാഹനത്തിന്റെ ഗ്ലാസുകൾ തകർത്തു. ഇതിന് പിന്നാലെയാണ് പോലീസ് കൺട്രോൾ റൂം വാഹനത്തിന് നേരെ അക്രമികൾ തിരിഞ്ഞത്. വാഹനത്തിലുള്ളവരെ തൊഴിലാളികൾ തടഞ്ഞുവെച്ച് തീയിട്ടു. അഗ്നിക്കിരയായ വാഹനത്തിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഇറങ്ങി ഓടിയതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കല്ലേറിലും ആൾക്കൂട്ട മർദനത്തിലും ഗുരുതര പരിക്കേറ്റ സിഐ അടക്കമുള്ളവർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് ഉദ്യോഗസ്ഥനെ തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിക്കുകയും പോലീസുകാരെ ജീപ്പിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിക്കാത്തവിധം കല്ലെറിയുകയും ചെയ്തതായി ദൃക്‌സാക്ഷി പറയുന്നു.
‘പോലീസ് ഉദ്യോഗസ്ഥനെ തൊഴിലാളികൾ സംഘം ചേർന്ന് മർദിക്കുന്നതാണ് അടുത്തെത്തിയപ്പോൾ കണ്ടത്. പോലീസുകാരെ വാഹനത്തിന് പുറത്തിറങ്ങാൻ സമ്മതിക്കാതിരുന്ന അക്രമികൾ കല്ലേറ് നടത്തി. വാഹനത്തിന്റെ താക്കോൽ അക്രമികളിലൊരാൾ കൈക്കലാക്കി. ഡ്രൈവറുടെ കൈ അക്രമികൾ ചവിട്ടിയൊടിച്ചു. കല്ലേറിൽ മറ്റ് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ തലക്കാണ് കല്ല് കൊണ്ടത്. വാഹനത്തിനുള്ളിൽ പോലീസുകാരെ തടഞ്ഞുവെച്ച തൊഴിലാളികൾ പിന്നീട് തീയിട്ടു. പ്രാണരക്ഷാർഥം പോലീസുകാർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഘർഷം രൂക്ഷമായതോടെ വിവരം കുന്നത്തുനാട് പോലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും അറിയിക്കുകയായിരുന്നു’- ദൃക്‌സാക്ഷി പറയുന്നു.
സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങിവരുമ്പോഴാണ് രണ്ട് പോലീസ് ജീപ്പുകൾ സ്ഥലത്ത് കിടക്കുന്നത് കണ്ട് പരിസരം വീക്ഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടതെന്ന് ദൃക്‌സാക്ഷിയായ സരുൺ പറയുന്നു.
Also Read-അവധിക്ക് വന്ന മകളെ കൂട്ടാനായി ടൗണിലെത്തിയ പിതാവ് സ്വകാര്യബസിടിച്ച് മരിച്ചു; ദാരുണം
അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി ഒളിച്ചിരുന്ന തൊഴിലാളികളെ പുലർച്ചെ നാലുമണിയോടെ കൂടുതൽ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. എആർ ക്യാമ്പിൽ നിന്ന് 500 പോലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചു. 150ഓളം പേർ കസ്റ്റഡിയിലാണെന്നാണ് സൂചന.
Discussion about this post