പാലക്കാട്: തേങ്കുറിശ്ശിയിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഒരാണ്ട് തികയുകയാണ്. ഇരയായ ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി ഹരിതയുണ്ട് അനീഷിന്റെ വീട്ടില്‍. സ്‌കൂള്‍ കാലം മുതല്‍ പ്രണയിച്ചിരുന്നവരാണ് തേങ്കുറുശ്ശി സ്വദേശികളായ അനീഷും ഹരിതയും. സ്വപ്‌നം കണ്ട ജീവിതത്തിന് മൂന്നുമാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
2020 ഡിസംബര്‍ 25നു വൈകിട്ട് 5.30നാണ് ആ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞത്. ദുരഭിമാനത്തിന്റെ പേരില്‍ ഹരിതയുടെ അച്ഛന്‍ കൊലക്കത്തിയുമായെത്തിയത്.
വിവാഹിതരായതിന്റെ തൊണ്ണൂറാം ദിവസമായിരുന്നു ദുരന്തം. ‘ഇപ്പോള്‍ വരാം’ എന്നു പറഞ്ഞു പുറത്തേക്കു പോയതാണ് അനീഷ്. തിരികെ വന്നതു ജീവനറ്റ ശരീരമായാണ്.
ഒരുവര്‍ഷത്തിനിപ്പുറവും അനീഷിന്റെ വീടു വിട്ടുപോകാന്‍ ഹരിതയോ, ഹരിതയെ വിട്ടുകൊടുക്കാന്‍ അനീഷിന്റെ കുടുംബമോ തയ്യാറല്ല. ഭര്‍ത്താവിന്റെ ഓര്‍മകളുള്ള വീട്ടില്‍ തന്നെ ജീവിക്കാനാണു തീരുമാനമെന്ന് ഹരിത പറയുന്നു. അനീഷിന്റെ അച്ഛന്‍ അറുമുഖനും സഹോദരന്‍ അരുണും ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിലാണു കുടുംബം കഴിയുന്നത്.
കൊടുവായൂര്‍ മരിയന്‍ കോളജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് ഹരിത. ഏതാനും സംഘടനകളുടെ സഹായത്താലാണു കോളജ് ഫീസ് അടയ്ക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്ന് 15,000 രൂപ അടുത്തിടെ കിട്ടി.
പിജി ചെയ്യണം. പിന്നെ ഒരു ജോലിയും. സര്‍ക്കാര്‍ ജോലി തരാമെന്നു പറഞ്ഞതു കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണു മുന്നോട്ടു പോകുന്നത്. അനീഷിന്റെ ഓര്‍മകളുള്ള ഈ വീട്ടില്‍, ചേട്ടന്റെ കുടുംബത്തിനൊപ്പം കഴിയാനാണ് എന്റെ തീരുമാനമെന്ന് ഹരിത പറയുന്നു.
ഹരിത മകള്‍ തന്നെയാണെന്ന് അനീഷിന്റെ അമ്മ രാധ പറയുന്നു. എന്റെ മകന്‍ സ്‌നേഹിച്ച കുട്ടി. ആ ഒറ്റ കാരണത്തിലാണ് അനീഷ് കൊല്ലപ്പെട്ടത്. ഹരിതയെ ഞങ്ങള്‍ക്ക് ആകുന്നതു പോലെ പഠിപ്പിക്കും. ഡിഗ്രി കഴിഞ്ഞ് പിജിക്കു പഠിക്കണം എന്നാഗ്രഹമുണ്ട്. വീട്ടില്‍ നിന്നു പോയി വരാവുന്ന ദൂരത്തില്‍ എവിടെയാണെങ്കിലും പഠിപ്പിക്കും. ഹോസ്റ്റലിലേക്ക് ഞാന്‍ എന്റെ മകളെ വിട്ടുതരില്ല. ജോലിയാണെങ്കിലും വീടിന് അടുത്ത് എവിടെയെങ്കിലും കിട്ടണമെന്നാണ് ആഗ്രഹം.
ഒരു വര്‍ഷമായി ഞാന്‍ ജോലിക്കു പോയിട്ട്. മകള്‍ക്കു കൂട്ടിരിക്കുകയാണ് എപ്പോഴും. ഇപ്പോഴും ഇടയ്ക്കു ഭീഷണികള്‍ വരാറുണ്ട്. കൊലപാതകം നടത്തിയവര്‍ പുറത്തിറങ്ങിയാല്‍ എന്റെ കുടുംബത്തെ വീണ്ടും ആക്രമിക്കുമോയെന്ന ഭയമുണ്ടെന്നും ആ അമ്മ ഉള്ളിലെ ഭയം പങ്കുവയ്ക്കുന്നു.
കേസ് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) 27നു പരിഗണിക്കും. പി അനില്‍ ആണ് കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കൊലപാതകം നടന്ന് 90 ദിവസത്തിനകം പോലീസ് കുറ്റപത്രം നല്‍കി. പ്രതികളായ ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവന്‍ കെ സുരേഷ്‌കുമാറും റിമാന്‍ഡിലാണ്. ഇരുവര്‍ക്കും ഹൈക്കോടതിയും ജാമ്യം അനുവദിച്ചില്ല.