തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങുകളിൽ തുടർച്ചയായി വീഴ്ചയുണ്ടായ സംഭവത്തിൽ സംസ്ഥാന-കേന്ദ്ര ഇന്റലിജൻസ് വിഭാഗങ്ങൾ അന്വേഷിക്കും. കഴിഞ്ഞ ദിവസം പൂജപ്പുരയിൽ നടന്ന പിഎൻ പണിക്കർ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് ഗുരുതരമായ പിഴവുകളുണ്ടായത്.
രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ലഭിക്കാത്തതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഔദ്യോഗിക വാഹന വ്യൂഹത്തിലെ ആശയക്കുഴപ്പവുമൊക്കെയാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷിക്കുന്നത്. വിശദമായ റിപ്പോർട്ട് തയ്യാറാക്കാനായി സംഘാടകരിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
പൂജപ്പുരിയിലെ ഉദ്ഘാടന വേദിയോട് ചേർന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ശുചിമുറിയിൽ ഉപയോഗിക്കാൻ വെള്ളമുണ്ടായിരുന്നില്ല. വാട്ടർ കണക്ഷൻ ഉദ്യോഗസ്ഥർ നൽകാത്തതാണ് പ്രശ്‌നമായത്. ഈ ഗുരുതര പിഴവ് കാരണം പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതുവരെ രാഷ്ട്രപതിക്ക് കാത്തുനിൽക്കേണ്ടി വന്നു. ഇത് ചടങ്ങ് വൈകാനും കാരണമായി.
ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോൾ ലംഘനമാണ്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ രാഷ്ട്രപതിയുടെ ഭാര്യയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. പിന്നീട് ചടങ്ങിന് തൊട്ടുമുമ്പ് ഈ ഇരിപ്പിടം എടുത്തുമാറ്റേണ്ടി വന്നു. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ പിന്തുടരാൻ മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം ശ്രമിച്ചതും വലിയ ആശയക്കുഴപ്പമുണ്ടാക്കി.
Discussion about this post