ആറ്റിങ്ങല്‍: പ്രവര്‍ത്തനാനുമതി ഇല്ലാത്ത ലാബില്‍ നിന്ന് ലഭിച്ച തെറ്റായ കോവിഡ് ഫലം വച്ച് വിമാന ടിക്കറ്റെടുത്ത യുവാവിന് നഷ്ടമായത് 85000 രൂപ. ആറ്റിങ്ങല്‍ നഗരസഭ പരിധിയിലെ ലാബിലാണ് സംഭവം.
നദാനിയാസ് ഡയഗ്നോസ്റ്റിക് ക്ലിനിക് എന്ന സ്ഥാപനത്തില്‍ നിന്നാണ് അവനവഞ്ചേരി സ്വദേശി അരുണ്‍ ആര്‍വിക്ക് തെറ്റായ കോവിഡ് പരിശോധന ഫലം ലഭിച്ചത്.
ഇലക്ട്രീഷ്യനായ ഇദ്ദേഹം ഗള്‍ഫിലേക്ക് ജോലി തേടി പോകുന്നതിന് വേണ്ടിയാണ് 21 ന് രാവിലെ ലാബില്‍ കോവിഡ് പരിശോധനക്ക് വിധേയനായത്.
പരിശോധന ഫലം നെഗറ്റിവാണെന്ന വിവരം അന്നേ ദിവസം വൈകീട്ടോടെ ലാബ് അധികൃതര്‍ അരുണിനെ അറിയിക്കുകയും ഇയാള്‍ ലാബിലെത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തു.
പരിശോധന ഫലം ലഭിച്ചയുടനെ ട്രാവല്‍ ഏജന്‍സിയിലെത്തി 85000 രൂപ ചെലവിട്ട് വിമാന ടിക്കറ്റും ഇയാള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍, രാത്രിയോടെ ലാബ് അധികൃതര്‍ അരുണിനെ ഫോണിലൂടെ ബന്ധപ്പെട്ട് ആദ്യം നല്‍കിയ പരിശോധന ഫലം തെറ്റാണെന്നും താങ്കള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു എന്നും അറിയിച്ചു.
വിശദവിവരം ചോദിച്ച് മനസ്സിലാക്കാന്‍ ലാബിലെത്തിയ അരുണിന്റെ പക്കല്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി നശിപ്പിച്ചുകളയാനും ലാബിലെ ജീവനക്കാര്‍ ശ്രമം നടത്തി. പ്രതിസന്ധിയിലായ ഇദ്ദേഹം നഗരസഭ കൗണ്‍സിലര്‍ ആര്‍.എസ്. അനൂപിനെ വിവരമറിയിച്ചു.
തുടര്‍ന്ന് അനൂപ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. നജാം, കൗണ്‍സിലര്‍ എസ്. സുഖില്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണുചന്ദ്രന്‍ എന്നിവരടങ്ങിയ സംഘം കിഴക്കേ നാലുമുക്ക് അയിലം റോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെത്തി അധികൃതരോട് സംസാരിച്ചു. അരുണിന് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുമെന്ന് ലാബ് അധികൃതര്‍ ഇവര്‍ക്ക് ഉറപ്പുനല്‍കി. വിഷയം അറിഞ്ഞ നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ലാബ് പ്രവര്‍ത്തിക്കുന്നതിന് വേണ്ട മതിയായ രേഖകളില്ലെന്ന് കണ്ടെത്തി.
ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ ഷെന്‍സി എന്നിവര്‍ സ്ഥലത്തെത്തി നിയമപരമായ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം പൂട്ടിച്ചു. ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. കുമാരി അറിയിച്ചു.
Discussion about this post