തിരുവനന്തപുരം: മലയാളി ജവാന് തീവണ്ടിയില്‍ നിന്നും മകള്‍ നോക്കി നില്‍ക്കെ വീണു മരിച്ചു. എറണാകുളം മുനമ്പം ചെറായി ചക്കന്തറ വീട്ടില്‍ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകന് അജേഷ്(36) ആണ് മരിച്ചത്. മാതാപിതാക്കളെ യാത്രയാക്കാന്‍ മകളോടൊപ്പം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം. നീങ്ങിത്തുടങ്ങിയ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിലേയ്ക്ക് വീഴുകയായിരുന്നു.
പ്രശസ്ത സംവിധായകന് കെഎസ് സേതുമാധവന് വിടവാങ്ങി
തുമ്പ വി.എസ്.എസ്.സി.യിലെ സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിളാണ് അജേഷ്. വ്യാഴാഴ്ച രാവിലെ 6.30-ന് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്സ്പ്രസില്‍നിന്നു വീണായിരുന്നു അപകടം. നാട്ടിലുള്ള മാതാപിതാക്കള്‍ അജേഷിന്റെ തുമ്പയിലുള്ള ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം വന്നിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോകാനായി ഇവരെ അജേഷും രണ്ടാം ക്ലാസുകാരിയായ മകള്‍ ഹൃദ്യയും ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
തീവണ്ടിയില്‍ അച്ഛനമ്മമാരെ ഇരുത്തിയതിനുശേഷം അജേഷ് ബാഗുകള്‍ കയറ്റുന്നതിനിടെ വണ്ടി നീങ്ങിത്തുടങ്ങി. പെട്ടെന്ന് തിരിച്ചിറങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് വീഴുകയായിരുന്നു. മകള്‍ ഹൃദ്യ നോക്കി നില്‍ക്കെയായിരുന്നു അപകടം സംഭവിച്ചത്. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ വണ്ടി നിര്‍ത്തിച്ച്, അജേഷിനെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വി.എസ്.എസ്.സി.യില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ആര്യയാണ് അജേഷിന്റെ ഭാര്യ.
Discussion about this post