തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി അമ്മതൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ നിയമപോരാട്ടത്തിന് ഒടുവിൽ തിരിച്ചുനൽകി വീണ്ടും വാർത്തകളിൽ നിറയുകയാണ്. അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ കൈമാറിയ സംഭവത്തിന് പിന്നാലെയാണ് മറ്റൊരു കുഞ്ഞിനേയും അപേക്ഷകയുടെ ആവശ്യം മാനിച്ച് തിരികെ നൽകിയിരിക്കുന്നത്.
അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് 9 മാസത്തിനുശേഷമാണ് വീണ്ടും പെറ്റമ്മയ്ക്ക് ലഭിച്ചിരിക്കുന്നത്. കവി സുഗതകുമാരി അന്തരിച്ചതിനു പിന്നാലെ ജനുവരിയിൽ ശിശുക്ഷേമ സമിതിയിൽ ലഭിച്ച പെൺകുഞ്ഞിനു ‘സുഗത’ എന്നു പേര് നൽകിയിരുന്നു. ഈ കുഞ്ഞിനെയാണ് ഏതാനും ദിവസം മുൻപ് സ്വന്തം അമ്മയ്ക്ക് തിരികെ നൽകിയത്.
ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ ഗർഭിണിയായ അവിവാഹിത യുവതിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ തിരുവനന്തപുരത്തെത്തി പ്രസവിക്കുകയും ജനുവരിയിൽ തൈക്കാട് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു. കുഞ്ഞിന്റെ പിതാവ് വിവാഹത്തിനു വിസമ്മതിക്കുകയും സ്വന്തം വീട്ടുകാർ എതിർക്കുകയും ചെയ്തതോടെയാണു യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്.
പിന്നീട് കുഞ്ഞിനെ ദത്തു നൽകുന്നതിന്റെ നടപടി ക്രമമായി അവകാശികളുണ്ടെങ്കിൽ അറിയിക്കുന്നതിനു സിഡബ്ല്യുസി പത്രപ്പരസ്യം നൽകി. അപ്പോഴേക്കും കുഞ്ഞിനെ തിരിച്ചെടുത്തു വളർത്താൻ യുവതി സന്നദ്ധയായി എത്തുകയും ചെയ്തു. ഇതിനായി ഫെബ്രുവരിയിൽ സിഡബ്ല്യുസിയിൽ അപേക്ഷ നൽകി.
കുഞ്ഞ് തന്റേതാണെന്നു തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും യുവതി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ ആരോഗ്യ കാർഡും ചിത്രം ഉൾപ്പെടെയുള്ള തെളിവുകളും ഹാജരാക്കകയും ചെയ്തു. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് ആദ്യഘട്ടത്തിൽ സിഡബ്ല്യുസി അനുമതി നൽകിയില്ല.
ഇതിനിടെയാണ് അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ അനുമതിയില്ലാതെ ദത്തു നൽകിയെന്ന പരാതി വിവാദമാവുകയും കുഞ്ഞിനെ കോടതി വഴി വിട്ടുകൊടുക്കേണ്ടിവരികയും ചെയ്തത്. ഇതോടെ ഈ കേസിലും ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകുകയായിരുന്നു.കുഞ്ഞ് അപേക്ഷകയുടേതാണെന്നു തെളിഞ്ഞതോടെ ദത്ത് നടപടികൾ അവസാനിപ്പിച്ചു.