ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് വഴിയില്ലാതെ ജീവിതം പ്രതിസന്ധിയിലായ അനുരാജിന് സഹായ ഹസ്തം നീട്ടി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി.
മേലേപുതുക്കോട് പാലക്കോട്ട് മേത്തല്‍ ദേവദാസന്റെ മകന്‍ അനുരാജാണ് ഇരുവൃക്കകളും തകരാറിലായി മരണത്തെ മുന്‍പില്‍ കണ്ട് കഴിയുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിയിരുന്നെങ്കിലും വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താതെ മറ്റു വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ അനുരാജിന്റെ കുടുംബത്തെ അറിയിച്ചു.
വൃക്ക നല്‍കാന്‍ അച്ഛന്‍ ദേവദാസ് സമ്മതമറിയിക്കുകയും ചെയ്തു. എന്നാല്‍, അനുബന്ധ ചികിത്സയ്ക്കുമായി 15 ലക്ഷത്തോളമാണ് ചെലവ്. കൂലിപ്പണിക്കാരനായ അനുരാജിന് ഇത്രയും വലിയ തുക കണ്ടെത്താന്‍ വഴിയില്ലാതായതോടെ നാട്ടുകാരടക്കം ചേര്‍ന്ന്ചികിത്സ സഹായ സമിതി രൂപീകരിച്ചു.
ഇതിനിടെയാണ് എം എ യൂസഫലിയുടെ ഇടപെടല്‍. ചികിത്സയ്ക്കുള്ള തുക യൂസഫലിയുടെ നിര്‍ദ്ദേശപ്രകാരം അനുരാജിന് കൈമാറി. ലുലു കോഴിക്കാട് റീജിയണല്‍ ഡയറക്ടര്‍ പക്കര്‍ക്കോയ അനുരാജിന്റെ വീട്ടിലെത്തി തുക കൈമാറുകയും ചെയ്തു.