അഗളി: ആദിവാസി ഊരുകളില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ചാരിറ്റി പ്രവര്‍ത്തകന്‍ നാസര്‍ മാനുവിനെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസെടുത്തിരിക്കുന്നത്. സൈലന്റ് വാലിയുടെ ഭാഗമായിട്ടുള്ള വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് നടപടി.
ചാരിറ്റി പ്രവര്‍ത്തകന്‍ നാസര്‍ മാനു, പുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയും വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ഭവാനി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആശാലതയുടെ നിര്‍ദേശ പ്രകാരം ഡപ്യൂട്ടി റെയ്ഞ്ചര്‍ എം രവികുമാറാണ് കേസെടുത്തിട്ടുള്ളത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളുടെയും അട്ടപ്പാടിയിലെ പ്രാദേശിക ചാനല്‍ എടിവിയില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെയും അടിസ്ഥാനത്തിലാണ് വനംവകുപ്പ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. കേസില്‍ നാസര്‍ മാനു ഒന്നാം പ്രതിയും പുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍ രണ്ടാം പ്രതിയുമാണ്.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചതിനും എസ്.സി,എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊരുനിവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ല കളക്ടര്‍, അഗളി ഡി.വൈ.എസ്.പി. എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്.
രണ്ട് ദിവസം മുമ്പാണ് ചാരിറ്റി പ്രവര്‍ത്തകന്‍ നാസര്‍ മാനുവും സംഘവും അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ താഴെ തുടുക്കി ഊരിലെത്തിയത്. സൈലന്റ് വാലി ചെക് പോസ്റ്റ് കഴിഞ്ഞുവേണം താഴെ തുടുക്കി ഊരിലേക്ക് പ്രവേശിക്കാന്‍. സാധാരണ രീതിയില്‍ അനുമതിയില്ലാതെ ചെക്‌പോസ്റ്റ് വഴി കടത്തിവിടാറില്ല. എന്നാല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍ കൂടി കൂടെയുള്ളതിനാലാണ് ചെക്‌പോസ്റ്റില്‍ നിന്നും ഇവരെ അകത്തേക്ക് കടത്തി വിട്ടിട്ടുള്ളത്.
ഗോത്ര വിഭാഗമായ കുറുമ്പര്‍ മാത്രം താമസിക്കുന്ന ഊരില്‍ ബിരിയാണി വിതരണം ചെയ്യാനെന്ന് പറഞ്ഞാണ് നാസര്‍ മാനുവും സംഘവും പ്രവേശിച്ചത്. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല എന്ന് ഇവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാസര്‍ മാനുവും സംഘവും നിരവധി തവണ അട്ടപ്പാടിയിലെ അനേകം ഊരുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ബിരിയാണി വിതരണം നടത്തുകയും ചെയ്തിരുന്നു. ഇതിനായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിട്ടുമുണ്ട്. നാസര്‍ മാനു സമൂഹമാധ്യമങ്ങളലൂടെ നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ ആദിവാസികളുടെ അത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേ സമയം ആരാണ് ഇവര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് നാസര്‍ മാനുവും സംഘവും അട്ടപ്പാടിയിലെത്തിയത് എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 4 പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.