ഗുരുവായൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കാണിക്കയായി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര സമർപ്പിച്ച ലഭിച്ച മഹീന്ദ്ര ഥാർ ഇനി അമൽ മുഹമ്മദ് അലിക്ക് സ്വന്തം. നേരത്തെ വിവാദത്തിലായ ലേലത്തിന് ഭരണസമിതി അംഗീകാരം നൽകി. നടപടികൾ പൂർത്തിയാക്കാൻ ദേവസ്വം കമ്മീഷണർക്ക് അനുമതിക്ക് അയക്കും. നടപടി പൂർത്തിയാവുന്നതോടെ ഥാർ ലേലത്തിൽ പിടിച്ച അമൽ മുഹമ്മദ് അലിക്ക് തന്നെ ലഭിക്കും. ഇന്നത്തെ ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.
ജിഎസ്ടി അടക്കം 18 ലക്ഷം രൂപയാണ് അമൽ ഥാറിന് നൽകേണ്ടി വരിക. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമൽ സ്വന്തമാക്കിയത്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെബി മോഹൻദാസിന്റെ അധ്യക്ഷതയിൽ ദേവസ്വം കാര്യാലയത്തിലായിരുന്നു ഇന്ന് യോഗം ചേർന്നത്. വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നു എന്ന് അമൽ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ ലേലം ഉറപ്പിച്ചത് താൽക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയർമാൻ നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
ഇക്കഴിഞ്ഞ ഡിസംബർ 4ന് ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്.