കണ്ണൂർ: സ്വത്തിന് വേണ്ടി സ്വന്തം മാതാവിനോട് മക്കളുടെ കണ്ണില്ലാത്ത ക്രൂരത. കണ്ണൂർ മാതമംഗലത്താണ് മക്കൾ അമ്മയെ ക്രൂരമായി മർദ്ദിച്ചത്. മരിച്ചുപോയ മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞാണ് നാല് മക്കൾ ചേർന്ന് മീനാക്ഷിയമ്മയെ മർദ്ദിച്ചത്.
മർദ്ദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചായിരുന്നു ക്രൂരത. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെയാണ് ഇവർ ബലം പ്രയോഗിച്ച് സ്വത്ത് മാറ്റിയെഴുതിക്കാനായി നിർബന്ധിക്കുന്നത്.
മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ ഇവരുടെ സംഭാഷണം റെക്കോഡ് ചെയ്തതോടെയാണ് സംഭവത്തെ കുറിച്ചുള്ള വിവരം പുറംലോകമറിഞ്ഞത്. മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചതാണ്.
മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പോലീസ് കേസെടുത്തു.
Discussion about this post