കോഴിക്കോട്: കുട്ടികള്‍ക്ക് അക്ഷര വെളിച്ചം പകരാന്‍ ഇനി സിസ്റ്റര്‍ ലിനി സ്മാര്‍ട്ട് അംഗനവാടി. നിപ രോഗബാധിതനെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ടാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി സിസ്റ്റര്‍ ലിനി മരണത്തിന് കീഴടങ്ങിയത്.
സിസ്റ്റര്‍ ലിനിയ്ക്ക് ആദരമായിട്ടാണ് ലിനിയുടെ പേരിലുളള സ്മാര്‍ട്ട് അംഗനവാടി നിര്‍മ്മിച്ചിരിക്കുന്നത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കുറത്തിപ്പാറയില്‍ ലിനിയും കുടുംബവും താമസിച്ച വീടിനടുത്തായാണ് ലിനി സിസ്റ്റര്‍ മെമ്മോറിയല്‍ സ്മാര്‍ട്ട് അംഗന്‍വാടി നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് അംഗന്‍വാടിയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.
പ്രദേശവാസികളുടെ കൂട്ടായ്മകള്‍ ഗ്രാമപഞ്ചായത്തിന് വാങ്ങി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്താണ് അംഗന്‍വാടി നിര്‍മ്മിച്ചത്. ലിനി – ദൈവത്തിന്റെ മാലാഖ വാട്‌സാപ്പ് കൂട്ടായ്മയുടെ രണ്ട് ലക്ഷം രൂപയും മസ്ജിദ്ദുല്‍ ഫറൂഖ് ജി.സി സി. കൂട്ടായ്മയുടെ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങി നല്‍കിയത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവിട്ടാണ് ലിനി മെമ്മോറിയല്‍ സ്മാര്‍ട്ട് അംഗനവാടി കെട്ടിടം നിര്‍മ്മിച്ചത്.
സഹജീവികള്‍ക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ച ദൈവത്തിന്റെ മാലാഖയുടെ ജ്വലിക്കുന്ന ഓര്‍മയായി ഈ സ്മാരകം മാറും. പ്രദേശത്തെ വരും തലമുറകള്‍ ഇനി അറിവിന്റെയും വിവേകത്തിന്റെയും ആദ്യാക്ഷരങ്ങള്‍ കുറിക്കുക സിസ്റ്റര്‍ ലിനിയുടെ പേരിലുള്ള അംഗനവാടിയില്‍ നിന്നാണ്. ലിനിയുടെ നിഷ്‌കളങ്കമായ ചിരിയുള്ള ഛായ പടം ആലേഖനം ചെയ്ത കെട്ടിടമാണ് ഇനി പ്രദേശത്തെത്തുന്നവരെ ഇനി വരവേല്‍ക്കുക.
ആതുരശുശ്രൂഷയെ ഇഷ്ടപ്പെട്ടാണ് ലിനി നഴ്‌സിങ് തിരഞ്ഞെടുത്തത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു സിസ്റ്റര്‍ ലിനി. സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ലിനി മരിക്കുന്നത് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടില്‍ ലിനിയുടെ ഓര്‍മ്മകളുമായി ഭര്‍ത്താവ് സജീഷും മക്കള്‍ റിഥുലും സിദ്ധുവുമുണ്ട്.
മുന്നിലെത്തുന്ന രോഗികളെ തികഞ്ഞ ആത്മാര്‍ത്ഥതയോടും ദീനാനുകമ്പയോടും പരിചരിച്ചു അവര്‍. നിപ്പയെ തുടര്‍ന്ന് ലിനി മരിച്ചത് കേരളത്തെയൊന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. മാലാഖ എന്ന വാഴ്ത്തലുകള്‍ക്കുമപ്പുറം കര്‍മ മണ്ഡലത്തില്‍ തന്റെ ജീവന്‍ ത്യജിക്കേണ്ടി വന്ന ധീരയായ സ്ത്രീയായിരുന്നു ലിനി.
ലിനിയുടെ മക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. സിസ്റ്റര്‍ ലിനിയുടെ ഛായാപടം അനാഛാദനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ശശി നിര്‍വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.
സിസ്റ്റര്‍ ലിനിയുടെ ഛായാപടം വരച്ച പ്രദേശവാസിയായ നിജിലിനെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ആദരിച്ചു. കുറത്തിപ്പാറ വാര്‍ഡ് മെംബര്‍ ലൈസാ ജോര്‍ജ്ജ്, ആവള ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.