ചേർപ്പ്: പാറക്കോവിലിൽ സ്വർണപ്പണിക്കാരനായ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ (40) കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പോലീസ്. ഭാര്യയും കാമുകനായ ധീരുവും ചേർന്ന് കൊലപ്പെടുത്തി ഒരു ദിവസം കഴിഞ്ഞാണ് വീടിന് സമീപത്ത് തന്നെ മൻസൂർ മാലിക്കിനെ കുഴിച്ചുമൂടിയത്.
സ്വർണപ്പണിയിൽ മൻസൂറിന്റെ സഹായിയായ ധീരുവും മൻസൂറിന്റെ ഭാര്യ രേഷ്മാ ബീവി (30)യുമാണ് കൊലപാതകത്തിനു പിന്നിൽ. ഭർത്താവിന്റെ ഉപദ്രവം കാരണം മൻസൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെയെങ്കിലും പോയി താമസിക്കാനായിരുന്നു രേഷ്മയുടെ തീരുമാനം. എന്നാൽ, മക്കളുടെ പഠനം ചേർപ്പിൽ ആയിരുന്നു. ഇതിനിടെയാണ് രേഷ്മ ധീരുവുമായി അടുക്കുന്നത്.
പിന്നീട് ഡിസംബർ 12-ന് രാത്രി ധീരു മദ്യവുമായി എത്തി മുകൾനിലയിലെ മുറിയിൽ മൻസൂറിനൊപ്പം ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിൽ മൻസൂർ മയങ്ങിയതോടെ ധീരു താഴെയെത്തി രേഷ്മയെയും കൂട്ടി കമ്പിപ്പാരയുമായി ചെന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മൻസൂറിനെ തലക്ക് അടിച്ച് കൊലപ്പെടുത്തി. പിറ്റേന്ന് രാത്രി വീടിന്റെ പുറകു വശത്ത് മൃതദേഹം കുഴിച്ചിട്ടു.
കുട്ടികൾ പപ്പയെ അന്വേഷിച്ചപ്പോൾ പുലർച്ചെ കൂട്ടുകാരന്റെ ബൈക്കിൽ കയറി നാട്ടിൽ പോയെന്നാണ് പറഞ്ഞിരുന്നത്. ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് ഡിസംബർ 19-നാണ് രേഷ്മയും ധീരുവും കൂടി ചേർപ്പ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസിന്റെ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയതോടെ ഭർത്താവുമായി വഴക്കിടുന്നതിനിടെ തന്നെ അടിക്കാൻ എടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി അടിച്ചപ്പോൾ ഭർത്താവ് മരിച്ചു എന്നാണ് ആദ്യം രേഷ്മ മൊഴി നൽകിയത്. എന്നാൽ, വിശദമായ ചോദ്യംചെയ്യലിൽ ധീരുവാണ് കൊന്നതെന്ന് രേഷ്മ വെളിപ്പെടുത്തുകയായിരുന്നു.
മൻസൂറിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ പിറകുവശത്തുനിന്ന് പുറത്തെടുക്കുകയായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജുകുമാറും മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.