സുഹൃത്തിനെ വിളിച്ച് പണം ചോദിച്ചു, നമ്പര്‍ ട്രാക് ചെയ്ത് പിറകെ പാഞ്ഞ് പോലീസ്; ബസില്‍ കയറിയ വിവരം അറിയിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറും: ക്രിമിനല്‍ ഒട്ടകം രാജേഷിനെ കുടുക്കിയതിങ്ങനെ

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതിയായ ഒട്ടകം രാജേഷ് കുടുക്കിയത് തമിഴ്‌നാട്ടില്‍ നിന്നും വിളിച്ച ഫോണ്‍ കോളുകള്‍. കേസില്‍ രാജേഷിനായി വലവരിച്ച പോലീസ് ഇയാളുമായി ബന്ധമുള്ളവരുടെ എല്ലാ ഫോണ്‍ നമ്പറുകളും പോലീസ് നിരീക്ഷിച്ചിരുന്നു.

തമിഴ്‌നാട്ടിലേക്ക് കടന്ന രാജേഷ് നിരീക്ഷണത്തിലുള്ള ഒരാളുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. എന്നാല്‍ ഫോണിലൂടെ രാജേഷ് പൈസ ആവശ്യപ്പെട്ടപ്പോള്‍ സുഹൃത്ത് ഫോണ്‍ കട്ടു ചെയ്തു. നമ്പര്‍ ട്രാക് ചെയ്ത അന്വേഷണ സംഘം കോള്‍ വന്നത് പളനിയില്‍ നിന്നാണ് എന്ന് മനസിലാക്കി. റൂറല്‍ ഷാഡോ സംഘം പളനിയിലെത്തി.

പളനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരുമ്പോള്‍ കൊല്ലത്ത് വെച്ചാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ഡിസംബര്‍ 11ന് നടന്ന കൊലപാതകത്തിന് ശേഷം 11 അംഗ സംഘം പല വഴിക്ക് രക്ഷപ്പെടുകയായിരുന്നു.

രാജേഷ് ഉപയോഗിച്ച ഫോണിന്റെ ഉടമയായ പളനി സ്വദേശിയുടെ സഹായത്തോടെ പ്രതി സഞ്ചരിച്ച സ്ഥലങ്ങള്‍ കണ്ടെത്തി സിസിടിവി ക്ലിപ്പുകള്‍ പരിശോധിച്ചു. ഇതിലൂടെ കേരളത്തിലേക്ക ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്ന സ്റ്റാന്‍ഡിലേക്ക് രാജേഷ് പോകുന്നുവെന്ന് ബോധ്യപ്പെട്ടു.

കെഎസ്ആര്‍ടിസി അധികൃതരുടെ സഹായത്തോടെ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും രാജേഷിന്റ വിവരങ്ങളും ഫോട്ടോയും അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറിയിരുന്നു. കോയമ്പത്തൂര്‍ നിന്ന് എറണാകുളത്തേക്കും അവിടെ നിന്ന് കൊല്ലത്തേക്കും രാജേഷ് പോയിരുന്നു. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു സുഹൃത്തിനെ വിളിച്ചതായി മനസിലാക്കിയ പോലീസ് ബസ്റ്റാന്‍ഡ് പരിസരത്തെത്തി.

തിരുവനന്തപുരത്തേക്ക് പോകുന്ന ബസില്‍ കയറാന്‍ നില്‍ക്കുന്ന രാജേഷിനെ ഷാഡോ പോലീസ് സമര്‍ത്ഥമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാജേഷിന് വേണ്ടിയുള്ള തിരച്ചിലിനിടെ വര്‍ക്കലയില്‍ കായലിനു നടുവിലെ തുരുത്തില്‍ സംഘത്തിലെ പോലീസുകാരന്‍ മുങ്ങിമരിച്ചിരുന്നു. വിഷയം ഈ മരണത്തോടെ വൈകാരികമായി. അന്‍പതിലധികം പേരടങ്ങുന്ന പോലീസ് സംഘമാണ് റൂറല്‍ ഷാഡോ സംഘത്തോടൊപ്പം അന്വേഷണം നടത്തിയത്.

Exit mobile version