പാലക്കാട്: കുറുക്കന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി മരുന്നും ഭക്ഷണവും നല്കി സംരക്ഷിച്ച വനപാലകരെ വിട്ടുപിരിയാന്‍ കൂട്ടാക്കാതെ സുന്ദരി എന്ന മ്ലാവ്. ഏകദേശം 2 മാസം പ്രായമുള്ളപ്പോഴാണ് കുറുക്കന്റെ ആക്രമണത്തില്‍ നിന്നും പരിക്കേറ്റ് അവശയായ മ്ലാവ് കുഞ്ഞിനെ പാലക്കാട് ജില്ലയിലെ മംഗലം ഡാം കരിങ്കയം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനത്തില്‍ നിന്നും വനപാലകര്‍ക്ക് കിട്ടിയത്.
പരിക്ക് സാരമുള്ളതിനാലും കുഞ്ഞായിരുതിനാലും മരുന്നും ഭക്ഷണവും നല്കി കരിങ്കയം ഫോറസ്റ്റ് ഓഫീസില്‍ തന്നെ മ്ലാവിനെ സംരക്ഷിക്കുകയായിരുന്നു. സുന്ദരി എന്ന പേരും നല്കി. വലുതായി പൂര്‍ണ്ണമായും ആരോഗ്യം കൈവരിക്കുമ്പോള്‍ തിരിച്ചു കാട്ടിലയക്കാനായിരുന്നു തീരുമാനം. എന്നാല്‍, വളര്‍ന്നു 8 മാസം കഴിഞ്ഞിട്ടും കാട്ടിലേക്കു മടങ്ങുവാന്‍ മ്ലാവ് തയ്യാറായില്ല.
ഫോറെസ്റ്റ് ഓഫീസിനു ചുറ്റുമുള്ള കാട്ടിലൂടെ മേഞ്ഞു നടന്നാലും വനപാലകരുടെ സുന്ദരി എന്ന വിളി കേട്ടാല്‍ എവിടെയായാലും ഓടിയെത്തും. ദോശയും പഴവുമാണ് ഇഷ്ടഭക്ഷണം. വനപാലകരുടെ ക്വാര്‍ട്ടേഴ്സില്‍ സുന്ദരിക്കായി ഒരു പങ്ക് ഭക്ഷണം എപ്പോഴും മാറ്റി വച്ചിരിക്കും. പക്ഷെ പഴം മാത്രം തൊലി കളയണമെന്നു മാത്രം. ഇതിനകം ഫോറസ്റ്റ് ഓഫീസില്‍ എത്തുന്ന എല്ലാവരുടെയും അരുമയായി മാറിക്കഴിഞ്ഞു സുന്ദരി.
Discussion about this post