ആലപ്പുഴ: ‘എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. എന്നിട്ടും എന്റെ മകനെ അവര്‍ ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇവര്‍ മനുഷ്യരല്ലേ.? ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ പിതാവ് സലീമിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണ്.
”എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. ഷാന്‍ ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട ആളല്ല. എന്നിട്ടും എന്റെ മകനെ അവര്‍ ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇവര്‍ മനുഷ്യരല്ലേ.? ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരു പോലെ കാണുന്നവരാണ് ഞങ്ങള്‍. ഇനി ആരും ഇങ്ങനെ കൊല്ലപ്പെടാന്‍ പാടില്ല.” സലീം പറഞ്ഞു.
ഒരു പ്രസ്ഥാനത്തില്‍ വിശ്വസിച്ചതിന്റെ പേരിലാണ് എന്റെ മകനെ അവര്‍ വെട്ടിക്കൊന്നത്. ഇത്തരം കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ പൊന്നാട് വളരെ ചെറിയൊരു വീട്ടിലാണ് ഷാനും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. കർട്ടൻ തുന്നുന്ന ഒരു ചെറിയ കടയാണ് ഷാനിന്. എൽഎൽബി ബിരുദധാരിയാണ് ഷാൻ.
ഷാനിന്‍റെ പേരിൽ ഒരു ക്രിമിനൽ കേസോ അല്ലാത്ത കേസോ നിലവിലില്ലെന്ന് ഷാനിന്‍റെ ബന്ധുക്കൾ തന്നെ പറയുന്നു. അരുംകൊലയിൽ നാടും ബന്ധുക്കളും നാട്ടുകാരും ഞെട്ടിയിരിക്കെ, വീണ്ടും നടക്കുന്ന തുടർകൊലപാതകങ്ങൾ കൊണ്ട് ഇനിയും കുടുംബങ്ങളെ അനാഥമാക്കരുതെന്ന് മാത്രമാണ് ഷാനിന്‍റെ അച്ഛൻ സലീമിന് പറയാനുള്ളത്.
ഇന്നലെ രാത്രിയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികള്‍ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങള്‍പ്രകാരം അഞ്ചംഗ സംഘമാണ് കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം, ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായി. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്,വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.